യുകെ എംപിമാരെ തടഞ്ഞ് ഇസ്രയേൽ
Monday, April 7, 2025 1:12 AM IST
ലണ്ടൻ: ഇസ്രയേൽ സന്ദർശിച്ച യുകെ പ്രതിനിധി സംഘത്തിലെ രണ്ട് എംപിമാരെ തടഞ്ഞുവയ്ക്കുകയും പ്രവേശനം നിഷേധിക്കുകയും ചെയ്തെന്ന് വിദേശകാര്യ സെക്രട്ടറി ഡേവിഡ് ലാമി പറഞ്ഞു. ലേബർ പാർട്ടി എംപിമാരായ അബ്തിസം മുഹമ്മദ്, യുവാൻ യംഗ് എന്നിവരാണ് പ്രവേശന വിലക്ക് നേരിട്ടത്.
ഇവർ ഇസ്രയേലിനെതിരേ വെറുപ്പ് പ്രചരിപ്പിക്കുമെന്ന് ഇസ്രയേൽ പോപ്പുലേഷൻ ആൻഡ് ഇമിഗ്രേഷൻ അഥോറിറ്റി പ്രസ്താവനയിൽ അറിയിച്ചിരുന്നു. സംഭവം അംഗീകരിക്കാനാവാത്തതും വളരെയധികം ആശങ്കപ്പെടുത്തുന്നതുമാണെന്ന് ഡേവിഡ് ലാമി മാധ്യമങ്ങളോട് പറഞ്ഞു.
യെമനിൽ ജനിച്ച അബ്തിസം ബ്രിട്ടീഷ് എംപിയായി തെരഞ്ഞെടുക്കപ്പെട്ട ആദ്യത്തെ അറബ് വനിതയാണ്. ചൈനയിൽ ജനിച്ച ഒരു ബ്രിട്ടീഷ് പൗരൻ ആദ്യമായി ബ്രിട്ടീഷ് പാർലമെന്റിലേക്കു തെരഞ്ഞെടുക്കപ്പെടുന്നത് യുവാനിലൂടെയാണ്.