രാജകുടുംബത്തെ അവഹേളിച്ചു, യുഎസ് അധ്യാപകനെതിരേ തായ് കോടതിയുടെ അറസ്റ്റ് വാറന്റ്
Sunday, April 6, 2025 12:41 AM IST
ബാങ്കോക്ക്: രാജകുടുംബത്തെ അവഹേളിച്ചെന്നാരോപിച്ച് തായ്ലൻഡിൽ യുഎസ് അധ്യാപകനെതിരേ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു.
സെൻട്രൽ തായ്ലൻഡിലെ ഫിറ്റ്സാനുലൊക്കുവിലുള്ള നാരേസുവാൻ യൂണിവേഴ്സിറ്റിയിൽ ലക്ചററും അന്താരാഷ്ട്ര കാര്യങ്ങൾക്കായുള്ള സ്പെഷൽ അഡ്വൈസറുമായ പോൾ ചേംബേഴ്സിനെതിരേയാണ് സൈന്യത്തിന്റെ പരാതിപ്രകാരം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.
രാജവാഴ്ചയെ അപമാനിക്കുന്നത് വിലക്കുന്ന തായ്ലൻഡിലെ ലെസ്-മജസ്റ്റെ നിയമപ്രകാരമാണു കേസെടുത്തിരിക്കുന്നത്. കുറ്റം തെളിഞ്ഞാൽ പോൾ ചേംബേഴ്സിന് മൂന്നുമുതൽ 15 വർഷം വരെ തടവുശിക്ഷ ലഭിക്കാം.
അതേസമയം, എന്തിന്റെ അടിസ്ഥാനത്തിലാണു പരാതി നൽകിയതെന്ന് അറിയില്ലെന്ന് ചേംബേഴ്സിനുവേണ്ടി നിയമപോരാട്ടം നടത്തുന്ന തായ് ലോയേഴ്സ് ഫോർ ഹ്യൂമൻ റൈറ്റ്സ് സെന്ററിന്റെ അഭിഭാഷകൻ അകാരാചായ് പറഞ്ഞു. 30 വർഷമായി തായ്ലൻഡിൽ അധ്യാപനരംഗത്തു പ്രവർത്തിക്കുന്നയാളാണ് പോൾ ചേംബേഴ്സ്.