സൗത്ത് സുഡാൻ പൗരന്മാരുടെ വീസ റദ്ദാക്കി യുഎസ്
Monday, April 7, 2025 1:12 AM IST
വാഷിംഗ്ടൺ: സൗത്ത് സുഡാൻ പൗരന്മാരുടെ വിസകൾ റദ്ദാക്കുകയാണെന്നും പുതിയവ നൽകുന്നതല്ലെന്നും യുഎസ് സേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അറിയിച്ചു. കുടിയേറ്റ നിയമവുമായി ബന്ധപ്പെട്ട് യുഎസ് പുറത്താക്കിയവരെ സ്വീകരിക്കാൻ വിസമ്മതിച്ചതിനാണ് നടപടി. രാജ്യം യുഎസിനോടു പൂർണമായി സഹകരിക്കുന്പോൾ മാത്രമേ നടപടി പുനഃപരിശോധിക്കുകയുള്ളൂവെന്നും റൂബിയോ അറിയിച്ചു.
ഡോണൾഡ് ട്രംപിന്റെ സ്ഥാനാരോഹണത്തിനു ശേഷം ഒരു രാജ്യത്തെ മുഴുവൻ പാസ്പോർട്ട് ഹോൾഡർമാരെയും ഉന്നം വച്ചു നടത്തുന്ന ആദ്യ വീസ റദ്ദാക്കൽ നീക്കമാണിത്. ആഭ്യന്തര കലാപങ്ങളും രാഷ്ട്രീയ പ്രതിസന്ധിയും മൂലം വലയുന്ന രാജ്യമാണു സൗത്ത് സുഡാൻ. 2011ൽ സുഡാൻ വിഭജിച്ചാണ് സൗത്ത് സുഡാൻ രാജ്യം രൂപവത്കരിച്ചത്.