ന്യൂനപക്ഷങ്ങളോടുള്ള പാക്കിസ്ഥാന്റെ പെരുമാറ്റം നിരീക്ഷിക്കും: എസ്. ജയശങ്കർ
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങൾക്കെതിരായ അതിക്രമങ്ങളെ ശക്തമായി വിമർശിച്ച് വിദേശകാര്യമന്ത്രി എസ്. ജയശങ്കർ. മതഭ്രാന്തും മതഭ്രാന്ത് നിറഞ്ഞ മാനസികാവസ്ഥയും മാറ്റാൻ കഴിയില്ലെന്ന് അദ്ദേഹം ലോക്സഭയിൽ പറഞ്ഞു.
പാക്കിസ്ഥാനിലെ ന്യൂനപക്ഷങ്ങളോടുള്ള പെരുമാറ്റം ഇന്ത്യ വളരെ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണ്. അന്താരാഷ്ട്രതലത്തിൽ വിഷയം ഉന്നയിക്കും. കഴിഞ്ഞമാസം പത്തോളം അതിക്രമ കേസുകളാണ് ന്യൂനപക്ഷങ്ങൾക്കെതിരേ പാക്കിസ്ഥാനിൽ റിപ്പോർട്ട് ചെയ്തത്.
സിക്ക് സമുദായത്തിൽപ്പെട്ടവർക്ക് നേരെ മൂന്നും മാനസിക ബുദ്ധിമുട്ടുള്ള ഒരു ക്രൈസ്തവനുനേരേ ഒരു അതിക്രമ കേസും രജിസ്റ്റർ ചെയ്തതായി അദ്ദേഹം ചൂണ്ടിക്കാട്ടി.
യുഎൻ മനുഷ്യാവകാശ കൗണ്‍സിലിലും ഇന്ത്യ വിഷയം ഉന്നയിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ ന്യൂനപക്ഷങ്ങളുമായി ബന്ധപ്പെട്ട് 2400 അതിക്രമകേസുകളാണ് കഴിഞ്ഞ വർഷം മാത്രം ഉണ്ടായിട്ടുള്ളതെന്നും ജയശങ്കർ പറഞ്ഞു.