വി.കെ. പാണ്ഡ്യന്റെ ഭാര്യയും ഐഎഎസ് കുപ്പായം ഉപേക്ഷിക്കുന്നു
Sunday, March 30, 2025 1:39 AM IST
ഭുവനേശ്വർ: ബിജെഡി അധ്യക്ഷൻ നവീൻ പട്നായിക്കിന്റെ അടുത്ത അനുയായി വി.കെ. പാണ്ഡ്യന്റെ ഭാര്യയും മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥയുമായ സുജാത ആർ. കാർത്തികേയൻ സർവീസിൽനിന്നു സ്വയംവിരമിക്കാൻ അപേക്ഷ നൽകി.
ധനകാര്യ വകുപ്പ് സ്പെഷൽ സെക്രട്ടറിയായ സുജാത സ്വയംവിരമിക്കലിനുള്ള (വോളന്ററി റിട്ടയർമെന്റ്) അപേക്ഷ നൽകിയതായാണു റിപ്പോർട്ട്. 2000 ബാച്ച് ഒഡീഷ കേഡർ ഉദ്യോഗസ്ഥയാണ്.
ഐഎഎസ് ഉദ്യോഗസ്ഥനായിരുന്ന വി.കെ. പാണ്ഡ്യൻ 2023 ഒക്ടോബറിൽ ജോലി രാജിവച്ച് ബിജു ജനതാ ദളിൽ ചേർന്നിരുന്നു. എന്നാൽ കഴിഞ്ഞ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ പാർട്ടിക്കു തിരിച്ചടി നേരിട്ടതോടെ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിക്കുകയാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.
2024ലെ തെരഞ്ഞെടുപ്പിൽ ബിജെഡി തോറ്റതിനു പിന്നാലെ സുജാത ആറു മാസം അവധിയിൽ പ്രവേശിച്ചിരുന്നു. മകളുടെ 10–ാം ക്ലാസ് പരീക്ഷയുമായി ബന്ധപ്പെട്ടാണ് അവധി എടുത്തത്.
നവംബർ 26ന് അവധിയുടെ കാലാവധി അവസാനിച്ചു. എന്നാൽ, അവധി നീട്ടിനൽകാൻ സുജാത അപേക്ഷ നൽകിയെങ്കിലും ബിജെപി സർക്കാർ നിഷേധിച്ചു. ഇതേത്തുടർന്നാണ് സ്വയംവിരമിക്കലിന് അപേക്ഷ നൽകിയിരിക്കുന്നത്.