വഖഫ് ഭേദഗതി: വ്യാജപ്രചാരണം നടത്തുന്നതായി കേന്ദ്രമന്ത്രി
Tuesday, April 1, 2025 2:40 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെതിരേ ചിലർ വ്യാജപ്രചാരണം നടത്തുന്നതായി കേന്ദ്ര ന്യൂനപക്ഷകാര്യമന്ത്രി കിരൺ റിജിജു. നുണകൾ പ്രചരിപ്പിക്കരുതെന്നും പാർലമെന്റിന്റെ ഈ സെഷനിൽ ബിൽ കൊണ്ടുവരാനുള്ള ശ്രമം ഊർജിതമായി നടക്കുന്നുണ്ടെന്നും കേന്ദ്രമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ബില്ലിൽ ചർച്ച നടത്തിയായിരിക്കും അവതരിപ്പിക്കുക. ബില്ല് പൂർണമായും മുസ്ലിം വിരുദ്ധതയാണ് അവതരിപ്പിക്കുന്നതെന്ന വ്യാജപ്രചാരണം സജീവമാണ്. എന്നാൽ വഖഫ് നിയമത്തെ ഭരണഘടനാപരമാക്കുകയാണ് ചെയ്യുന്നതെന്നും റിജിജു വ്യക്തമാക്കി.
ബില്ലുമായി ബന്ധപ്പെട്ട് നീണ്ട ചർച്ചകൾ പാർലിമെന്ററി സമിതിയുടെ നേതൃത്വത്തിൽ നടന്നിട്ടുണ്ട്. ജനാധിപത്യപരമായി തന്നെയാണ് ഈ ബിൽ കൊണ്ടുവരുന്നത്. പൗരത്വ നിയമ ഭേദഗതിയുടെ കാര്യത്തിലും ഇതേ രീതിയിലാണ് വ്യാജപ്രചാരണം നടക്കുന്നതെന്നും കേന്ദ്രമന്ത്രി ആരോപിച്ചു.