കേന്ദ്രസർക്കാർ ജീവനക്കാരുടെ ഡിഎ വർധിപ്പിച്ചു
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: കേന്ദ്രസർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്ത രണ്ടു ശതമാനം വർധിപ്പിച്ചു. ക്ഷാമബത്ത ഇതോടെ 55 ശതമാനമായി. ജനുവരി മുതൽ മുൻകാല പ്രാബല്യമുണ്ടാകും. ഇന്നലെ ചേർന്ന കേന്ദ്ര മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
ക്ഷാമബത്ത വർധന പ്രകാരം 6614 കോടി രൂപയുടെ ബാധ്യത സർക്കാരിനുണ്ടാകുമെന്ന് മന്ത്രിസഭാ തീരുമാനം അറിയിച്ച മന്ത്രി അശ്വിനി വൈഷ്ണവ് വ്യക്തമാക്കി.
ഏകദേശം 48.66 ലക്ഷം കേന്ദ്ര സർക്കാർ ജീവനക്കാർക്കും 66.55 ലക്ഷം പെൻഷൻകാർക്കും ഗുണം ചെയ്യും. ഏഴാം ശന്പള കമ്മീഷന്റെ ശിപാർശ ആസ്പദമാക്കിയ അംഗീകൃത ഫോർമുല പ്രകാരമാണ് വർധന. കഴിഞ്ഞ ഒക്ടോബറിലാണ് അവസാനമായി ക്ഷാമബത്ത കൂട്ടിയത്.