പേവിഷ വാക്സിന്റെ വ്യാജപതിപ്പ്!
സ്വന്തം ലേഖകൻ
Monday, March 31, 2025 1:50 AM IST
ന്യൂഡൽഹി: പേ വിഷബാധയ്ക്കെതിരേ (ആന്റി റാബീസ് ) ഉപയോഗിക്കുന്ന വാക്സിനായ അഭയ്റാബിന്റെ വ്യാജപതിപ്പ് രാജ്യത്തെ പ്രധാന നഗരങ്ങളിൽ വ്യാപിക്കുന്നതായി ഡൽഹി ഡ്രഗ്സ് കണ്ട്രോൾ വകുപ്പ്.
വ്യാജ വാക്സിൻ പൊതുജനാരോഗ്യത്തെ അപകടകരമായി ബാധിക്കുമെന്നും വകുപ്പ് മുന്നറിയിപ്പ് നൽകി. സർക്കാർ അനുബന്ധസ്ഥാപനമായ ഇന്ത്യൻ ഇമ്യൂണോളജിക്കൽസ് ലിമിറ്റഡിന്റെ ഉത്പന്നം എന്ന അവകാശത്തോടെയാണ് വ്യാജവാക്സിൻ പ്രചരിക്കുന്നതെന്നും ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് കണ്ടെത്തി.
വൈറസ് ബാധ ഏൽക്കാൻ കൂടുതൽ സാധ്യതയുള്ള മൃഗഡോക്ടർമാർക്കും വൈറസ് ബാധയുണ്ടെന്ന് സംശയക്കുന്നവർക്കും പ്രധാനമായും നൽകുന്ന വാക്സിനാണ് അഭയ്റാബ്. ഇവയുടെ വ്യാജപതിപ്പ് പ്രചരിക്കുന്നത് സമൂഹത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുമെന്നും ഡ്രഗ്സ് കണ്ട്രോൾ യൂണിറ്റ് ചൂണ്ടിക്കാട്ടുന്നു.
ഡ്രഗ് ഇൻസ്പെക്ടർമാരും ഫാർമസി ഉദ്യോഗസ്ഥരും ജാഗ്രത പാലിക്കണം. യഥാർഥ വാക്സിൻ കുപ്പികൾ മാത്രമേ വിൽക്കുന്നുള്ളുവെന്ന് ഉറപ്പാക്കണം. ഫാർമസികൾ അവരുടെ വാക്സിൻ വിതരണം ശരിയായ ഇൻവോയ്സുകൾ വഴി പരിശോധിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ റിപ്പോർട്ട് ചെയ്യണമെന്നും ഡ്രഗ്സ് കണ്ട്രോൾ വകുപ്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
നിലവിൽ ഡൽഹി, മുംബൈ, അഹമ്മദാബാദ്, ലക്നോ തുടങ്ങിയ നഗരങ്ങളിലാണ് വാക്സിന്റെ വ്യാജപതിപ്പ് പ്രചരിക്കുന്നതെന്നാണ് ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന്റെ കണ്ടെത്തൽ.