വീണ്ടും വിവാദം! ഇന്ത്യയുടെ വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച് തരൂർ
Tuesday, April 1, 2025 2:40 AM IST
ജോർജ് കള്ളിവയലിൽ
ന്യൂഡൽഹി: കോവിഡ് മഹാമാരിയുടെ ഇരുണ്ട ദിനങ്ങൾക്കിടയിലും ഇന്ത്യയുടെ വാക്സിൻ നയതന്ത്രം വെള്ളിവെളിച്ചമായെന്നു മുതിർന്ന കോണ്ഗ്രസ് നേതാവ് ഡോ. ശശി തരൂർ എംപി. കേന്ദ്രസർക്കാരിനെ പ്രശംസിച്ച തരൂരിന്റെ അഭിപ്രായത്തെ സ്വാഗതം ചെയ്തു ബിജെപി രംഗത്തെത്തിയതോടെ പുതിയ വിവാദം കോണ്ഗ്രസിനെ വീണ്ടും വെട്ടിലാക്കി.
റഷ്യ- യുക്രെയ്ൻ യുദ്ധത്തിലെ പ്രധാനമന്ത്രി മോദിയുടെ നിലപാടിനെ പ്രശംസിച്ചതും കേരളത്തിലെ സ്റ്റാർട്ട്അപ് നേട്ടങ്ങളെ പ്രകീർത്തിച്ചതും വിവാദമായതിനു പിന്നാലെയാണിത്. കേരളത്തിലെ കോണ്ഗ്രസ് നേതാക്കളുടെ കടുത്ത നിലപാടിനെത്തുടർന്നു തരൂർ ഇക്കാര്യത്തിലുള്ള അഭിപ്രായം പിന്നീടു മയപ്പെടുത്തിയിരുന്നു. വിവാദങ്ങളെത്തുടർന്ന് കേരള നേതാക്കളുടെ യോഗം ഡൽഹിയിലെ എഐസിസി ആസ്ഥാനത്തു വിളിച്ചുകൂട്ടിയെങ്കിലും തരൂർ വിവാദത്തിൽ വിശദചർച്ച ഒഴിവാക്കിയതു പ്രശ്നം വഷളാക്കാതെ സഹായിച്ചു.
ഇതേസമയം, ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയ സ്വേച്ഛാപരമായ ലോക്ഡൗണ്, കുടിയേറ്റ തൊഴിലാളികളുടെ ദുരിത മടക്കയാത്ര, ലക്ഷക്കണക്കിനാളുകളുടെ മരണം, നദിയിലൂടെ മൃതദേഹങ്ങൾ ഒഴുകിനടന്ന സംഭവം, കോവിഡ് പ്രതിരോധ പരാധീനതകൾ അടക്കം കോവിഡിനെ നേരിടുന്നതിലെ കേന്ദ്രസർക്കാരിന്റെ വീഴ്ചകളെ നിശിതമായി വിമർശിച്ചിട്ടുണ്ടെന്നും വാരികയിലെ സ്ഥലപരിമിതി മൂലമാണ് ഇക്കാര്യങ്ങൾ ആവർത്തിക്കാൻ കഴിയാതെവന്നതെന്നും തരൂരിന്റെ അടുത്ത കേന്ദ്രങ്ങൾ ദീപികയോടു വിശദീകരിച്ചു.
‘2020 മാർച്ച് 24ന് കേന്ദ്രസർക്കാർ ഏർപ്പെടുത്തിയ ലോക്ഡൗണിന്റെ അഞ്ചാം വാർഷികം ഇന്ത്യയിൽ ആരും ആഘോഷിക്കുന്നില്ല. അതിജീവിച്ച നമ്മളെല്ലാം കോവിഡിനെ കഷ്ടപ്പാടും ദുരന്തവും നഷ്ടവും നിറഞ്ഞ ഒരു ദുഃസ്വപ്നമായിട്ടാണു കരുതുന്നത് ’എന്ന് പുതിയ ലേഖനത്തിലും തരൂർ ഓർമിപ്പിക്കുന്നുണ്ട്.
ആഗോള പ്രതിസന്ധിയുടെ സമയത്ത് നൂറിലധികം രാജ്യങ്ങൾക്ക് ഇന്ത്യയിൽ നിർമിച്ച കോവിഡ്-19 വാക്സിനുകൾ നൽകിയതിലൂടെ ആഗോള വെല്ലുവിളികളെ നേരിടാനുള്ള കഴിവ് പ്രകടിപ്പിച്ചു. ആഗോള ആരോഗ്യ നയതന്ത്രത്തിൽ ഇന്ത്യ പ്രധാന പങ്കാളിയായി ഉയർന്നുവന്നു.
ഇന്ത്യയുടെ വാക്സിൻ നയതന്ത്രം അക്കാലത്തെ ഭീകരതകളിൽനിന്നു വേറിട്ടു നിൽക്കുന്നു. ഇന്ത്യയുടെ നടപടി ഉത്തരവാദിത്തത്തിലും ഐക്യദാർഢ്യത്തിലും വേരൂന്നിയ അന്താരാഷ്ട്ര നേതൃത്വത്തിന്റെ ശക്തമായ ഉദാഹരണമായെന്നു തരൂർ അഭിപ്രായപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേരെടുത്തു പറയുന്നില്ലെങ്കിലും ഇന്ത്യയുടെ നേതൃ മികവിനെ പ്രശംസിക്കാൻ പിശുക്കു കാട്ടിയില്ല.
ഇന്ത്യയുടെ വാക്സിൻ കയറ്റുമതി വ്യാപകമായി വിലമതിക്കപ്പെട്ടു. ഉത്തരവാദിത്വമുള്ള ആഗോളനേതാവെന്ന നിലയിൽ ഇന്ത്യയുടെ പ്രതിച്ഛായ ശക്തിപ്പെടുത്തി. വാക്സിൻ മൈത്രി പരിപാടിയിലൂടെ ലോകരാജ്യങ്ങളുമായി സൗഹാർദം വളർത്തിയെടുക്കാനായി.
ദക്ഷിണേഷ്യയിലും ആഫ്രിക്കയിലും ചൈനയുടെ വളരുന്ന സ്വാധീനത്തിന് ഒരു വിപരീത സന്തുലിതാവസ്ഥയായി ഈ സംരംഭം പ്രവർത്തിച്ചു. ബഹുമുഖവേദികളിൽ പരിഹാരങ്ങൾ രൂപപ്പെടുത്തിക്കൊണ്ട്, ആഗോള നേതാവെന്ന നിലയിൽ ഇത് ഇന്ത്യയുടെ സ്ഥാനം വീണ്ടും ഉറപ്പിച്ചു.
സന്പന്നരാജ്യങ്ങൾ സ്വന്തം പൗരന്മാർക്കായി വലിയ അളവിൽ വാക്സിനുകൾ ശേഖരിക്കാൻ അവരുടെ വിഭവങ്ങൾ ചെലവഴിച്ചു. അവയിൽ ഭൂരിഭാഗവും ഉപയോഗിക്കാതെ വലിച്ചെറിയേണ്ടിവന്നു. ദരിദ്ര രാജ്യങ്ങൾക്കു വിതരണം ചെയ്തിരുന്നെങ്കിൽ ജീവൻ രക്ഷിക്കാമായിരുന്നു. - ‘ഇന്ത്യക്കു കോവിഡിന്റെ വെള്ളിവെളിച്ചം’ എന്ന പേരിലുള്ള ദി വീക്കിലെ ലേഖനത്തിൽ തരൂർ എഴുതി.
വാക്സിൻ വിതരണത്തിനപ്പുറമായി മാലിദ്വീപ്, നേപ്പാൾ, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളിലേക്കു സൈനിക ഡോക്ടർമാരെ വിന്യസിക്കുന്നതും ദക്ഷിണേഷ്യയിലുടനീളമുള്ള ആരോഗ്യപ്രവർത്തകർക്കായി വെർച്വൽ പരിശീലന സെഷനുകൾ സംഘടിപ്പിക്കുന്നതും ഉൾപ്പെടെയുള്ള ഇന്ത്യയുടെ വിശാലമായ ആരോഗ്യ നയതന്ത്ര ശ്രമങ്ങളെ തരൂർ ലേഖനത്തിൽ എടുത്തുപറഞ്ഞു.
കൂടാതെ ആഗോള വാക്സിൻ സഖ്യമായ ഗവി (ജിഎവിഐ), ക്വാഡ്, പാൻ ആഫ്രിക്ക ഇ-നെറ്റ്വർക്ക് തുടങ്ങിയ ആഗോള പ്ലാറ്റ്ഫോമുകളുമായുള്ള ഇടപെടലിലൂടെ, ദീർഘകാല അന്താരാഷ്ട്ര സഹകരണത്തിന് അടിത്തറ പാകുന്നതിനും അടിയന്തര ആരോഗ്യ ആശങ്കകൾ പരിഹരിക്കാനും ഇന്ത്യ ശ്രമിച്ചുവെന്നും അദ്ദേഹം എഴുതി.
തരൂരിനും മറ്റു ചിലർക്കും ബോധമുദിച്ചു: രാജീവ് ചന്ദ്രശേഖർ
ശശി തരൂരിനും മറ്റു നിരവധി കോണ്ഗ്രസ് നേതാക്കൾക്കും അടുത്തിടെ മനസു മാറ്റിയിട്ടുണ്ടെന്നും ബോധമുദിച്ചിട്ടുണ്ടെന്നും (എൻലൈറ്റൻഡ്) ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
റഷ്യ- യുക്രെയ്ൻ സംഘർഷത്തിൽ ഇന്ത്യയുടെ നയതന്ത്രം ഉചിതമാണെന്ന് അവർ അടുത്തിടെ സമ്മതിച്ചു. ലോകമെന്പാടുമുള്ള ആരോടെങ്കിലും നിങ്ങൾ ചോദിച്ചാൽ, പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചെറിയ രാജ്യങ്ങൾക്ക് അഭിനന്ദനീയമായ സഹായം നൽകിയെന്ന് അവർ സമ്മതിക്കും.
അതു ശരിയായ സമീപനമല്ലെന്നു പറഞ്ഞ് കോണ്ഗ്രസ് നേതാക്കൾ നിഷേധിച്ചു. എന്നാലിന്ന് കോണ്ഗ്രസ് നേതാക്കൾപോലും അതു സ്വീകരിക്കാൻ തുടങ്ങിയിരിക്കുന്നു. അവരോടു നന്ദി പറയുന്നു. വൈകിയാണെങ്കിലും ഒരിക്കലും ചെയ്യാത്തതിനേക്കാൾ നല്ലതാണിതെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഇന്ത്യയുടെ കോവിഡ് വാക്സിൻ നയതന്ത്രത്തെ പ്രശംസിച്ച അഭിപ്രായപ്രകടനത്തിന്റെ പേരിൽ തരൂരിനെ കോണ്ഗ്രസ് പുറത്താക്കില്ലെന്നു കരുതാമെന്നു ബിജെപി വക്താവ് ഷെഹ്സാദ് പൂനെവാല പറഞ്ഞു.