ഉത്തര്‍പ്രദേശില്‍ വ്യോമസേന ഉദ്യോഗസ്ഥന് വെടിയേറ്റു കൊല്ലപ്പെട്ടു
Sunday, March 30, 2025 1:39 AM IST
പ്രയാഗ്രാജ്: ഉത്തര്‍പ്രദേശില്‍ ഇന്ത്യന്‍ വ്യോമസേന ഉദ്യോഗസ്ഥന് അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു. പ്രയാഗ്രാജിലെ കന്റോണ്‍മെന്റ് ഏരിയയിൽ ഇന്നലെ രാവിലെയായിരുന്നു സംഭവം. വ്യോമസേന സിവില്‍ എൻജിനിയര്‍ എസ്.എന്‍. മിശ്ര (51) ആണ് കൊല്ലപ്പെട്ടത്.
എയര്‍ഫോഴ്സ് സ്റ്റേഷനുള്ളിലെ എൻജിനീയേഴ്സ് കോളനിയിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന ഇദ്ദേഹത്തിനു നേരേ ഒരാള്‍ ജനലിലൂടെ വെടിയുതിര്‍ക്കുകയായിരുന്നുവെന്ന് പുരമുഫ്തി സ്റ്റേഷന് ഹൗസ് ഓഫീസര്‍ (എസ്എച്ച്ഒ) മനോജ് സിംഗ് പറഞ്ഞു. നെഞ്ചില്‍ വെടിയേറ്റ മിശ്രയെ ഉടന്‍ തന്നെ സൈനിക ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.
സംഭവം നടക്കുമ്പോള്‍ മിശ്രയുടെ ഭാര്യയും മകനും മുറിക്കുള്ളിലുണ്ടായിരുന്നു. അജ്ഞാതന്‍ വ്യോമസേനാ സ്റ്റേഷന്റെ അതിര്‍ത്തി കടന്ന് അകത്തേക്ക് വരുന്ന സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം കേസ് രജിസ്റ്റര്‍ ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്ന് പോലീസ് പറഞ്ഞു.