കർണാടകയിൽ സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കി
Sunday, March 30, 2025 1:39 AM IST
ബംഗളൂരു: കർണാടകയിലെ ബെലഗാവിയിൽ സൈബർ തട്ടിപ്പിനിരയായ വൃദ്ധദമ്പതികൾ ജീവനൊടുക്കി. ഡിയേഗോ നസ്രേത്ത് (83), ഭാര്യ ഫ്ലവിന നസ്രേത്ത് (79) എന്നിവരാണു മരിച്ചത്. ബെലഗാവിയിലെ ബേദി ഗ്രാമത്തിലായിരുന്നു സംഭവം.
ഇവരുടെ പേരിലുള്ള സിം കാര്‍ഡ് നിയമവിരുദ്ധ പരസ്യങ്ങൾക്കും രാജ്യാന്തര കുറ്റകൃത്യങ്ങൾക്കും ഉപയോഗിച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി. കേസ് ഒഴിവാക്കാൻ 50 ലക്ഷം രൂപയാണു തട്ടിപ്പുകാർ ചോദിച്ചത്. ഈ തുക നൽകിയെങ്കിലും കൂടുതൽ പണം ആവശ്യപ്പെട്ടതോടെ ഡിയേഗോയും ഫ്ലവിനയും ജീവനൊടുക്കുകയായിരുന്നു.
മഹാരാഷ്ട്ര സെക്രട്ടേറിയറ്റിലെ ഉയർന്ന തസ്തികയില്‍നിന്നു വിരമിച്ചയാളാണ് ഡിയേഗോ. വ്യാഴാഴ്ച അയൽക്കാർ വീടിനുള്ളിൽ ദമ്പതികളുടെ മൃതദേഹങ്ങൾ കണ്ടെത്തിയതോടെയാണു സംഭവം പുറത്തറിഞ്ഞത്. ആത്മഹത്യാകുറിപ്പിൽ സുമിത് ബിറ, അനിൽ യാദവ് എന്ന രണ്ട് പേരുകൾ പറയുന്നുണ്ട്.
ഡൽഹിയിലെ ടെലികോം വകുപ്പ് ഉദ്യോഗസ്ഥനെന്നാണുസുമിത് ബിറ പരിചയപ്പെടുത്തിയത്.ഡിയേഗോയുടെ പേരിലുള്ള സിംകാർഡ് നിയമവിരുദ്ധകാര്യങ്ങൾക്ക് ഉപയോഗിക്കുന്നുണ്ടെന്നും പരാതി ലഭിച്ചിട്ടുണ്ടെന്നും ഫോണിൽവിളിച്ച ഇയാൾ ഭീഷണിപ്പെടുത്തി.
ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥനെന്ന് പരിചയപ്പെടുത്തി അനിൽ യാദവിന് ഫോൺ കൈമാറി. കേസിൽനിന്നു രക്ഷപ്പെടണമെങ്കിൽ 50 ലക്ഷം രൂപ നൽകണമെന്ന് ആവശ്യപ്പെട്ടു. ഭയന്നുപോയ ഡിയേഗോയും ഫ്ലവിനയും 50 ലക്ഷത്തിലധികം രൂപ കൈമാറി. എന്നാൽ, കൂടുതൽ തുക ആവശ്യപ്പെട്ടതോടെ ദമ്പതികൾ ജീവനൊടുക്കുകയായിരുന്നു. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.