മ്യാൻമറിന് സഹായഹസ്തം; ഇന്ത്യയുടെ "ഓപറേഷൻ ബ്രഹ്മ’
Sunday, March 30, 2025 1:39 AM IST
സീനോ സാജു
ന്യൂഡൽഹി: ആയിരത്തിലേറെ പേർ മരിച്ച ഭൂകന്പത്തിൽ മ്യാൻമറിന് രക്ഷാഹസ്തവുമായി ഇന്ത്യ. "ഓപറേഷൻ ബ്രഹ്മ’എന്നു പേരിട്ട പദ്ധതിയിലൂടെ ദുരിതാശ്വാസത്തിനായി 15 ടണ്‍ സാധനസാമഗ്രികൾ ഇന്ത്യൻ വ്യോമ സേനയുടെ മിലിട്ടറി വിമാനത്തിൽ മ്യാൻമറിലെ യാങ്കോണ്‍ നഗരത്തിൽ എത്തിച്ചു.
ദുരിതാശ്വാസത്തിനുള്ള വസ്തുക്കളുമായി രണ്ട് വ്യോമസേനാ വിമാനങ്ങൾകൂടി പുറപ്പെട്ടിട്ടുണ്ടെന്നും കൂടുതൽ സഹായം പിറകെയുണ്ടാകുമെന്നും കേന്ദ്രം അറിയിച്ചിട്ടുണ്ട്. 40 ടണ്ണോളം വരുന്ന ദുരിതാശ്വാസ സാമഗ്രികളുമായി നാവികസേനയുടെ ഐഎൻഎസ് സത്പുരയും ഐഎൻഎസ് സാവിത്രിയും യാങ്കോണിലേക്കു പുറപ്പെട്ടിട്ടുണ്ടെന്നു വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ അറിയിച്ചു. സഹായവുമായി രണ്ട് കപ്പലുകൾ കൂടി ഉടൻ പുറപ്പെടുമെന്നും അദ്ദേഹം അറിയിച്ചു.
മ്യാൻമറിലെ രക്ഷാപ്രവർത്തനങ്ങളിൽ സഹായം നൽകാൻ ദേശീയ ദുരന്ത പ്രതികരണ സേനയിലെ (എൻഡിആർഎഫ്) 80 അംഗ ടീമിനെയും ഇന്ത്യ അയച്ചിട്ടുണ്ട്.
ഭൂകന്പമേഖലകളിൽ രക്ഷാപ്രവർത്തനത്തിന് ഉപയോഗിക്കുന്ന കോണ്‍ക്രീറ്റ് കട്ടറുകളും ഡ്രിൽ മെഷീനുകളും ചുറ്റികകളും കൊണ്ടാണ് എൻഡിആർഎഫ് സേനയുടെ രക്ഷാപ്രവർത്തനം. തകർന്ന കെട്ടിടത്തിനുള്ളിൽ കുടുങ്ങിക്കിടക്കുന്ന ആളുകളെ രക്ഷിക്കാൻ പ്രത്യേക പരിശീലനം നേടിയ നായകളെയും സേന ഒപ്പം കൂട്ടിയിട്ടുണ്ട്.
സേനയുടെ മറ്റൊരു റിസർവ് ടീം കോൽക്കത്തയിൽ സജ്ജരാണെന്നും ആവശ്യമെങ്കിൽ ഇവരെയും മ്യാൻമറിലെത്തിക്കുമെന്നും കേന്ദ്രം അറിയിച്ചു. ദുരന്തമേഖലയിൽ അടിയന്തര ചികിത്സാസഹായം ഉറപ്പാക്കുന്നതിനായി ഇന്ത്യൻ കരസേനയിലെ 118 അംഗ ഫീൽഡ് ഹോസ്പിറ്റൽ യൂണിറ്റിനെയും ആഗ്രയിൽനിന്ന് അയച്ചിട്ടുണ്ട്.
15,000 ഇന്ത്യൻ കുടുംബങ്ങളുള്ള മ്യാൻറിൽ ഇന്ത്യക്കാർക്ക് ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീർ ജയ്സ്വാൾ അറിയിച്ചു. മ്യാൻമറിലെ എംബസി വഴി ഇന്ത്യക്കാരുടെ സുരക്ഷിതത്വം ഉറപ്പാക്കുന്നതിനുള്ള ശ്രമം നടത്തിവരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദി മ്യാൻമർ മിലിട്ടറി സീനിയർ ജനറൽ എച്ച്.ഇ. മിൻ ഓങ്ങുമായി സംസാരിച്ചുവെന്ന് എക്സിലൂടെ അറിയിച്ചു.