ദിഷാ സാലിയന്‍ വിഷാദരോഗം: പോലീസ് റിപ്പോർട്ട്
Sunday, March 30, 2025 1:39 AM IST
മുംബൈ: ദിഷാ സാലിയന്റെ മരണം ആത്മഹത്യയാണെന്നും, സ്വന്തം പിതാവ് തന്റെ പണം ദുരുപയോഗം ചെയ്തത് ഉൾപ്പെടെയുള്ള കാരണങ്ങളുടെ പേരിൽ അവർ വിഷാദരോഗത്തിന് അടിമപ്പെട്ടിരുന്നു എന്നും മുംബൈ പോലീസിന്റെ അന്തിമ റിപ്പോർട്ട്. അന്തരിച്ച ബോളിവുഡ് നടൻ സുശാന്ത് സിംഗ് രാജ്പുത്തിന്റെ മാനേജർ ആയിരുന്നു ദിഷാ സാലിയൻ.
2020ൽ അവർ നഗരത്തിലെ മലാഡിലുള്ള ഫ്ലാറ്റിന്റെ പന്ത്രണ്ടാം നിലയിൽനിന്നു ചാടി ആത്മഹത്യ ചെയ്തുവെന്നാണ് പോലീസ് നിഗമനം.
കേസ് അന്വേഷിച്ച മൽവാനി പോലീസ് ചട്ടപ്രകാരം മുതിർന്ന ഉദ്യോഗസ്ഥന് 2021 ഫെബ്രുവരിയിൽ റിപ്പോർട്ട് നൽകിയിരുന്നു. പിന്നീട് സംഭവം വിവാദമായപ്പോൾ മുംബൈ പോലീസ് നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ഇനിയും പുറത്തുവന്നിട്ടില്ല.
സംഭവം വീണ്ടും അന്വേഷിക്കണമെന്ന ആവശ്യവുമായി ദിഷയുടെ പിതാവ് കഴിഞ്ഞയാഴ്ച ബോംബെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ആദിത്യ താക്കറെയ്ക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നും അന്വേഷണം സിബിഐയ്ക്ക് കൈമാറണമെന്നുമായിരുന്നു ആവശ്യങ്ങൾ.