ആർഎസ്എസ് സ്വീകാര്യതയിലേക്കു സഞ്ചരിക്കുന്നു: ദത്താത്രേയ ഹൊസബാളെ
Sunday, March 30, 2025 1:39 AM IST
നാഗ്പുർ: നൂറു വർഷം പൂർത്തിയാക്കുന്ന ആർഎസ്എസ് ജിജ്ഞാസയിലേക്കും സ്വീകാര്യതയിലേക്കും സഞ്ചരിക്കുകയാണെന്ന് സർകാര്യവാഹ് ദത്താത്രേയ ഹൊസബാളെ.
ശതാബ്ദി അവസരം ആഘോഷിക്കാനുള്ളതല്ല, മറിച്ച് ആത്മപരിശോധന നടത്താനും ലക്ഷ്യത്തിനായി പുനർസമർപ്പിക്കാനുമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ പതിനായിരം ശാഖകൾ വർധിച്ചു. ഇത് സ്വീകാര്യതയുടെ അടയാളമാണ്. ഓരോ ഗ്രാമത്തിലും ഓരോ സ്ഥലത്തും എത്തിച്ചേരുക എന്ന ലക്ഷ്യം ഇപ്പോഴും പൂർത്തീകരിക്കപ്പെടാത്ത ദൗത്യവും ആത്മപരിശോധനയ്ക്കുള്ള വിഷയവുമാണ്.
എല്ലാം കക്ഷിരാഷ്ട്രീയ കണ്ണടയിലൂടെ നോക്കുന്ന പ്രവണത നിലനിൽക്കുന്നുണ്ടെങ്കിലും, സമൂഹത്തിന്റെ സാംസ്കാരിക ഉണർവിലും ശരിയായ ചിന്താഗതിക്കാരുടെടെയും സംഘടനകളുടെയും ശക്തമായ ഒരു ശൃംഖല സൃഷ്ടിക്കുന്നതിലുമാണ് ആർഎസ്എസ് ഇപ്പോഴും ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി സാമൂഹിക പരിവർത്തനത്തിൽ സ്ത്രീകളുടെ പങ്കാളിത്തത്തിലും കുടുംബങ്ങളുടെ പവിത്രത പുനഃസ്ഥാപിക്കുന്നതിലും ശ്രദ്ധിക്കുന്നു.
നൂറാം വർഷത്തിലേക്ക് കടന്നപ്പോൾ, രാഷ്ട്രനിർമാണത്തിനായി വ്യക്തി നിർമാണം ബ്ലോക്ക്, ഗ്രാമതലങ്ങളിൽ സമ്പൂർണമായും എത്തിക്കണമെന്നാണ് തീരുമാനം. പഞ്ച പരിവർത്തനമെന്ന ആഹ്വാനം - മാറ്റത്തിനായി അഞ്ച് പദ്ധതികൾ - വരും വർഷങ്ങളിലും പ്രധാന ഊന്നലായി തുടരും.
ശാഖാ വികാസത്തിനൊപ്പം പൗര ബോധം, പരിസ്ഥിതി സൗഹൃദ ജീവിതശൈലി, സാമൂഹികമായി സൗഹാർദപരമായ പെരുമാറ്റം, കുടുംബ മൂല്യങ്ങൾ, സ്വത്വത്തിലൂന്നിയുള്ള വ്യവസ്ഥാപരമായ പരിവർത്തനം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതുവഴി രാഷ്ട്രത്തെ മഹത്വത്തിന്റെ കൊടുമുടിയിലേക്ക് നയിക്കുക എന്ന വലിയ ലക്ഷ്യത്തിലേക്ക് എല്ലാവരുടെയും പങ്ക് ഉറപ്പാക്കുകയും ചെയ്യും.
ആരെയും എതിർക്കുന്നതിൽ ആർഎസ്എസ് വിശ്വസിക്കുന്നില്ല. ആർഎസ്എസിന്റെ പ്രവർത്തനത്തെ എതിർക്കുന്ന ആരും ഒരു ദിവസം സംഘത്തോടൊപ്പം ചേരുമെന്ന് ഉറപ്പുണ്ട്.
കാലാവസ്ഥാ വ്യതിയാനം മുതൽ അക്രമാസക്തമായ സംഘർഷങ്ങൾ വരെയുള്ള അനേകം വെല്ലുവിളികളുമായി ലോകം മല്ലിടുമ്പോൾ, അവയ്ക്ക് പരിഹാരം കാണാൻ ഭാരതത്തിന്റെ പുരാതനവും അനുഭവ സമ്പന്നവുമായ വിജ്ഞാനം കരുത്തുള്ളതാണെന്നും ദത്താത്രേയ ഹൊസബാളെ പറഞ്ഞു.