മോസ്കിലെ സ്ഫോടനം: യുഎപിഎ വേണമെന്ന് എഐഎംഐഎം
Tuesday, April 1, 2025 1:17 AM IST
ഔറംഗാബാദ്: മഹാരാഷ്ട്രയിലെ ബീഡ് ജില്ലയിലെ മോസ്കിൽ ജലാറ്റിൻ സ്റ്റിക്കുകൾ സ്ഥാപിച്ച് സ്ഫോടനം നടത്തിയ സംഭവത്തിൽ യുഎപിഎ ചുമത്തണമെന്ന് എഐഎംഐഎം നേതാവ് ഇംതിയാസ് ജലീൽ. ഞായറാഴ്ച പുലർച്ചെ ജിയോറായ് തെഹ്സിലിലെ അർധമസ്ല ഗ്രാമത്തിലായിരുന്നു സംഭവം.
സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. എന്നാൽ മോസ്കിന്റെ ഉൾഭാഗങ്ങളിൽ കേടുപാടുകൾ സംഭവിച്ചു. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. വിജയ് രാമ ഗവ്ഹാനെ (22), ശ്രീറാം അശോക് സാഗ്ഡെ (24) എന്നിവരാണ് അറസ്റ്റിലായത്. ഇവർക്കെതിരേ യുഎപിഎ ചുമത്തണമെന്ന് മുൻ എംപികൂടിയായ ഇംതിയാസ് ജലീൽ ആവശ്യപ്പെട്ടു.
ഒരു ചെറിയ സംഭവത്തിൽ പോലും ഒരു മുസ്ലിം പ്രതിയായാൽ, അയാളുടെ വീട് ബുൾഡോസർ ഉപയോഗിച്ച് ഇടിച്ചുനിരത്തുന്നു. എന്നാൽ ഇവിടെ ആരാധനാലയം സ്ഫോടകവസ്തു ഉപയോഗിച്ച് തകർത്താൽ യുഎപിഎ എടുക്കില്ല.
നിയമം എല്ലാവർക്കും ഒരുപോലെയായിരിക്കണം-അദ്ദേഹം പറഞ്ഞു. നാഗ്പുർ അക്രമത്തിലെ പ്രതിയുടെ വീട് പൊളിച്ചുമാറ്റിയതിനെയും ജലീൽ വിമർശിച്ചു. പ്രതി തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അയാളുടെ കുടുംബം എന്ത് പിഴച്ചുവെന്നും അദ്ദേഹം ചോദിച്ചു.