വസതിയിൽനിന്നു പണം കണ്ടെടുത്ത സംഭവം: റിട്ട. ഹൈക്കോടതി ജഡ്ജി നിർമൽ യാദവിനെ വെറുതെവിട്ടു
Sunday, March 30, 2025 1:39 AM IST
ചണ്ഡിഗഡ്: ജഡ്ജിയുടെ വസതിയിൽനിന്നു പണം കണ്ടെത്തിയ കേസിൽ പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതി റിട്ട. ജഡ്ജി നിർമൽ യാദവിനെയും നാലു പേരെയും പ്രത്യേക സിബിഐ കോടതി വെറുതെ വിട്ടു. 17 വർഷം മുന്പുള്ള കേസ് ഏറെ കോളിളക്കം സൃഷ്ടിച്ചിരുന്നു.
2008 ഓഗസ്റ്റ് 13ന് പഞ്ചാബ് ആൻഡ് ഹരിയാന ഹൈക്കോടതിയിലെ മറ്റൊരു ജഡ്ജിയായ നിർമൽജിത് കൗറിന്റെ വസതിയുടെ മുന്നിൽനിന്നാണ് 15 ലക്ഷം രൂപയുടെ പായ്ക്കറ്റ് പിടിച്ചെടുത്തത്.
സ്വത്ത് ഇടപാടിൽ ജസ്റ്റീസ് നിർമൽ യാദവിനെ സ്വാധീനിക്കാൻ കൊണ്ടുവന്ന പണം ആളുതെറ്റി ജസ്റ്റീസ് നിർമൽജിത് കൗറിന്റെ വസതിയിലെത്തിച്ചുവെന്നായിരുന്നു ആരോപണം. തുടർന്ന് ചണ്ഡിഗഡ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു. പിന്നീട് കേസ് സിബിഐക്കു കൈമാറി.
ആരോപണവിധേയയായ ജസ്റ്റീസ് നിർമൽ യാദവിനെ ഉത്തരാഖണ്ഡ് ഹൈക്കോടതിയിലേക്കു സ്ഥലം മാറ്റിയിരുന്നു. 2009ൽ സിബിഐ കേസ് അവസാനിപ്പിച്ച് റിപ്പോർട്ട് സമർപ്പിച്ചു.
എന്നാൽ, സിബിഐ കോടതി റിപ്പോർട്ട് നിരസിക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.