വഖഫ് നിയമ ഭേദഗതി: എംപിമാരുടെ പിന്തുണ തേടി സിബിസിഐ
Tuesday, April 1, 2025 2:40 AM IST
ന്യൂഡൽഹി: വഖഫ് നിയമ ഭേദഗതി ബിൽ പാർലമെന്റിൽ അവതരിപ്പിക്കുന്പോൾ എല്ലാ എംപിമാരും നിഷ്പക്ഷവും ക്രിയാത്മകവുമായ സമീപനം സ്വീകരിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).
കേരള എംപിമാർ ബില്ലിനെ പിന്തുണയ്ക്കണമെന്ന കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ (കെസിബിസി) ആഹ്വാനത്തിനു പിന്നാലെയാണ് വാർത്താക്കുറിപ്പിലൂടെ സിബിസിഐയും നിലപാട് വ്യക്തമാക്കിയത്.
മുനന്പം ഉൾപ്പെടെയുള്ള ഭൂമിപ്രശ്നങ്ങൾക്ക് വഖഫ് നിയമഭേദഗതിയിലൂടെ ശാശ്വതപരിഹാരം കണ്ടെത്തണമെന്ന് സിബിസിഐ ആവശ്യപ്പെട്ടു. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകൾ ഭരണഘടനയ്ക്കും രാജ്യത്തിന്റെ ജനാധിപത്യ, മതനിരപേക്ഷ മൂല്യങ്ങൾക്കും എതിരാണെന്നത് യാഥാർഥ്യമാണ്. മുനന്പം പ്രദേശത്തെ അറുനൂറിലധികം കുടുംബങ്ങളുടെ ഭൂമി വഖഫ് ഭൂമിയായി പ്രഖ്യാപിക്കാൻ വഖഫ് നിയമത്തിലെ വ്യവസ്ഥകൾ, വഖഫ് ബോർഡ് ഉപയോഗപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ മൂന്നുവർഷമായി ഈ വിഷയം സങ്കീർണമായിക്കൊ ണ്ടിരിക്കുകയാണെന്നും പത്രക്കുറിപ്പിൽ ചൂണ്ടിക്കാട്ടി. നിയമ ഭേദഗതി കൊണ്ടു മാത്രമേ വിഷയത്തിനു പരിഹാരമുണ്ടാക്കാൻ സാധിക്കൂ എന്നും മെത്രാൻസമിതി വ്യക്തമാക്കി. ഇക്കാര്യം ജനപ്രതിനിധികൾ അംഗീകരിക്കണം. മുനന്പം ജനങ്ങളുടെ ഭൂമി ഉടമസ്ഥതാവകാശം നിയമാനുസൃതമായി പൂർണമായും വീണ്ടെടുക്കണം.
ഭരണഘടനാവിരുദ്ധമായ വ്യവസ്ഥകൾ ഭേദഗതി ചെയ്യപ്പെടേണ്ടതാണ്. അതേസമയം, ഭരണഘടന ഉറപ്പുനൽകുന്ന മതന്യൂനപക്ഷങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും സിബിസിഐ പ്രസ്താവനയിൽ വ്യക്തമാക്കി.
സിബിസിഐ, കെസിബിസി നിലപാട് സ്വാഗതം ചെയ്ത് ബിജെപി
ന്യൂഡൽഹി: വഖഫ് ബില്ലിനെ അനുകൂലിക്കണമെന്നുള്ള ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെയും (സിബിസിഐ) കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെയും (കെസിബിസി) നിലപാടിനെ സ്വാഗതം ചെയ്ത് കേന്ദ്ര മന്ത്രിമാരായ കിരണ്‍ റിജിജുവും നിർമല സീതാരാമനും.
ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളും വെല്ലുവിളികളും പരിഹരിക്കേണ്ടത് രാഷ്ട്രീയതലത്തിലുള്ളവരുടെ കടമയാണെന്ന് സിബിസിഐ യുടെയും കെസിബിസിയുടെയും വാർത്താക്കുറിപ്പുകൾ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ചുകൊണ്ട് കേന്ദ്ര ന്യൂനപക്ഷ മന്ത്രി കിരണ്‍ റിജിജു ചൂണ്ടിക്കാട്ടി.
നിയമത്തിലെ ഭരണഘടനാ വിരുദ്ധമായ വകുപ്പുകൾ നീക്കംചെയ്യണമെന്നാണ് കെസിബിസി ആവശ്യപ്പെടുന്നതെന്ന് ധനകാര്യ മന്ത്രി നിർമല സീതാരാമനും എക്സിൽ കുറിച്ചു.