മണിപ്പുരിൽ അഫ്സ്പ ആറുമാസംകൂടി
Monday, March 31, 2025 1:50 AM IST
ന്യൂഡൽഹി: പ്രശ്നബാധിത മേഖലകളിൽ ക്രമസമാധാന പാലനത്തിന് സൈന്യത്തിന് സവിശേഷ അധികാരം നൽകുന്ന അഫ്സ്പ (ആംഡ് ഫോഴ്സ് സ്പെഷ്യൽ പവേഴ്സ് ആക്ട്) മണിപ്പുരിൽ ആറുമാസത്തേക്കുകൂടി ദീർഘിപ്പിച്ചു. ക്രമസമാധാനനില കണക്കിലെടുത്ത് സംസ്ഥാനത്തെ 13 പോലീസ് സ്റ്റേഷൻ പരിധിയെ നിയമത്തിൽ നിന്ന് ഒഴിവാക്കിയതായും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ വിജ്ഞാപനത്തിൽ പറയുന്നു.
ഇംഫാൽ വെസ്റ്റ് ജില്ലയിലെ ഇംഫാൽ, ലാംപാൽ, സിറ്റി, സിംഗ്ജാമയ്, പാറ്റ്സോയ്, വാങ്ഗോയ്, തൗബാൽ ജില്ലയിലെ തൗബാൽ, ബിഷ്ണുപുർ ജില്ലയിലെ ബിഷ്ണുപുർ, നാംബോൽ, കക്ചിംഗ് ജില്ലയിലെ കക്ചിംഗ് എന്നീ പോലീസ് സ്റ്റേഷൻ പരിധികളെയാണ് ഒഴിവാക്കിയത്.
നാഗാലാൻഡ്, അരുണാചൽപ്രദേശ് എന്നിവിടങ്ങളിലെ ഏതാനും പ്രദേശങ്ങളിലും നിയമത്തിന്റെ കാലാവധി നാളെ മുതൽ ആറ് മാസത്തേക്കുകൂടി ദീർഘിപ്പിച്ചു. നാഗാലാൻഡിലെ എട്ട് ജില്ലകളിലും മറ്റ് അഞ്ച് ജില്ലകളിലെ 21 പോലീസ് സ്റ്റേഷൻ പരിധികളിലും അരുണാചൽപ്രദേശിലെ തിരാപ്, ചങ്ലാംഗ്, ലോംഗ്ഡിംഗ് ജില്ലകളിലും നാംസായിലെ മൂന്ന് പോലീസ് സ്റ്റേഷൻ പരിധികളിലും നിയമം തുടരും.
പ്രശ്നബാധിത മേഖലയിൽ സൈന്യത്തിനു വ്യാപക അധികാരം നൽകുന്ന നിയമത്തിൽ സൈനികർക്കെതിരേ പ്രോസിക്യൂഷൻ നടപടിക്കു കേന്ദ്രസർക്കാരിന്റെ അംഗീകാരം ഉൾപ്പെടെ ചട്ടങ്ങൾ ഉണ്ട്. പരിശോധനയ്ക്കും അറസ്റ്റിനും മാത്രമല്ല ആവശ്യമെങ്കിൽ തോക്ക് ഉപയോഗിക്കുന്നതിനും സൈന്യത്തിന് പ്രത്യേക നടപടിക്രമങ്ങളൊന്നും പാലിക്കേണ്ടതില്ല എന്നതിനാൽ നിയമത്തിനെതിരേ ശക്തമായ വിമർശനവും നിലനിൽക്കുന്നുണ്ട്.