കോടീശ്വരന്മാരുടെ കടം എഴുതിത്തള്ളൽ; ബിജെപിയുടെ ‘സൗഹൃദം’ ബാങ്കിംഗ് മേഖലയെ പ്രതിസന്ധിയിലാക്കിയെന്ന് രാഹുൽ
Sunday, March 30, 2025 1:39 AM IST
ന്യൂഡൽഹി: ബിജെപി സർക്കാർ തങ്ങളുടെ കോടീശ്വരരായ സുഹൃത്തുക്കൾക്ക് വേണ്ടി കടങ്ങൾ എഴുതിത്തള്ളുന്നത് ബാങ്കിംഗ് മേഖലയെ ഗുരുതരമായി ബാധിച്ചിട്ടുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
സുഹൃത്തുക്കളെയും അടുപ്പക്കാരെയും നിർണായക പദവികളിൽ നിയമിക്കുന്ന ക്രോണിസവും നിയന്ത്രണ ദുരുപയോഗവുംമൂലം ഇന്ത്യയിലെ ബാങ്കിംഗ് മേഖല പ്രതിസന്ധിയിലായെന്ന് രാഹുൽ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ബിജെപി സർക്കാർ തങ്ങളുടെ വന്പൻമാരായ സുഹൃത്തുക്കൾക്കുവേണ്ടി 16 ലക്ഷം കോടി രൂപയാണ് എഴുതിത്തള്ളിയിട്ടുള്ളതെന്ന് രാഹുൽ പറഞ്ഞു. ആ പ്രതിസന്ധിയുടെ ഭാരം വഹിക്കേണ്ടിവരുന്നത് ജൂണിയർ ജീവനക്കാരാണ്. അവർക്ക് സമ്മർദ്ദവും മോശം തൊഴിൽസ്ഥിതിയും അഭിമുഖീകരിക്കേണ്ടി വരുന്നുണ്ട്.
ഐസിഐസിഐ ബാങ്കിലെ 782 മുൻ ജീവനക്കാർക്കുവേണ്ടി അവരുടെ പ്രതിനിധികൾ കഴിഞ്ഞ ദിവസം തന്നെ കണ്ടിരുന്നു. തൊഴിലധിഷ്ഠിത പീഡനം, നിർബന്ധിത സ്ഥലംമാറ്റം, കാരണം കാണിക്കാതെയുള്ള പിരിച്ചുവിടൽ തുടങ്ങിയ പ്രശ്നങ്ങളാണ് അവർ പങ്കുവച്ചത്. ഇത്തരം പ്രശ്നങ്ങൾ മൂലം രണ്ടുപേർ ആത്മഹത്യ ചെയ്തെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
തൊഴിലധിഷ്ഠിത പീഡനവും ചൂഷണവും നടക്കുന്നതിനെതിരേ കോണ്ഗ്രസ് ശബ്ദമുയർത്തുമെന്നും രാഹുൽ പറഞ്ഞു.