ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി പുനഃസ്ഥാപിക്കുമെന്ന് അമിത് ഷാ
Sunday, March 30, 2025 1:39 AM IST
ന്യൂഡൽഹി: ജമ്മു കാഷ്മീരിന്റെ സംസ്ഥാനപദവി മുന്പ് ഉറപ്പുനൽകിയിരുന്നതു പോലെതന്നെ പുനഃസ്ഥാപിക്കുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ.
തുടക്കംമുതൽതന്നെ സംസ്ഥാന പദവി തിരികെ നൽകുമെന്ന് ഉറപ്പു നൽകിയിരുന്നുവെന്നും പക്ഷേ എന്നു നടപ്പാക്കാൻ കഴിയുമെന്ന കാര്യം ഇപ്പോൾ പറയാൻ കഴിയില്ലെന്നും അമിത് ഷാ ന്യൂഡൽഹിയിൽ നടന്ന ഒരു പൊതുപരിപാടിയിൽ പറഞ്ഞു.
ഒരിടത്തും റീപോളിംഗ് നടക്കാത്ത ആദ്യ തെരഞ്ഞെടുപ്പാണ് 40 വർഷത്തിനു ശേഷം കാഷ്മീരിൽ കഴിഞ്ഞതെന്ന് ആഭ്യന്തരമന്ത്രി ചൂണ്ടിക്കാട്ടി. ഒരൊറ്റയിടത്തും കണ്ണീർവാതകവും ബുള്ളറ്റും പ്രയോഗിക്കേണ്ടിവന്നിട്ടില്ല.
60 ശതമാനമാളുകളും അവരുടെ വോട്ടവകാശം വിനിയോഗിച്ചിട്ടുണ്ടെന്നും ഇത് വലിയൊരു മാറ്റമാണെന്നും അമിത് ഷാ പറഞ്ഞു. 2019ലാണ് ജമ്മു കാഷ്മീരിന് പ്രത്യേക പദവികൾ നൽകിയിരുന്ന ആർട്ടിക്കിൾ 370 റദ്ദാക്കി സംസ്ഥാനത്തെ രണ്ട് കേന്ദ്രഭരണപ്രദേശങ്ങളാക്കി വിഭജിച്ചത്.