മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട അറസ്റ്റുകളുടെ എണ്ണം കുറഞ്ഞു
Tuesday, April 1, 2025 2:40 AM IST
ന്യൂഡൽഹി: മയക്കുമരുന്നുകടത്തുമായി ബന്ധപ്പെട്ട അറസ്റ്റുകളിൽ 25 ശതമാനം കുറവുണ്ടായതായി കേന്ദ്ര ആഭ്യന്തര മന്ത്രാലയം. 2022നും 2024നും ഇടയിലെ കണക്കുകളാണ് പുറത്തുവിട്ടത്.
അകെ 768 അറസ്റ്റുകളാണ് 2022ൽ മാത്രമായുണ്ടായത്. 2023ൽ ഇത് 574ഉം 2024ൽ 588ഉം ആയി. ഈ വർഷം ജനുവരി അവസാനം വരെ 43 അറസ്റ്റുകളും നടന്നതായി റിപ്പോർട്ടിൽ വ്യക്തമാക്കി.
എന്നാൽ അറസ്റ്റുകളുടെ എണ്ണം കുറഞ്ഞുവരികയാണെങ്കിലും മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകളിൽ ശിക്ഷിക്കപ്പെടുന്നവരുടെ എണ്ണം വർധിക്കുന്നതായും മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു. 2022ൽ 54 പ്രതികളാണ് ശിക്ഷിക്കപ്പെട്ടത്. 2023 ൽ 104 ഉം 2024 ൽ 110 ഉം പ്രതികൾ ശിക്ഷിക്കപ്പെട്ടു.
മയക്കുമരുന്ന് ഭീഷണിക്കെതിരേ നടപ്പാക്കിയ ‘സീറോ ടോളറൻസിലൂടെ’ 2047 ൽ എത്തുന്പോഴേക്കും രാജ്യത്തെ മയക്കുമരുന്നുവിമുക്തമാക്കുക എന്നതാണ് ലക്ഷ്യം. അതിനായി നാർകോ കോ-ഓർഡിനേഷൻ സെന്റർ സ്ഥാപിക്കുക, എല്ലാ സംസ്ഥാനങ്ങളിലേക്കും ആന്റി നാർകോട്ടിക് ടാസ്ക് ഫോഴ്സുകളെ അയയ്ക്കുക, മയക്കുമരുന്നുകടത്ത് തടയുന്നതിനായി രാജ്യാന്തര സഹകരണം ശക്തിപ്പെടുത്തുക തുടങ്ങിയ നടപടികളാണ് ആഭ്യന്തര മന്ത്രാലയം സ്വീകരിച്ചു വരുന്നത്. കൂടാതെ മയക്കുമരുന്നുകടത്ത് തടയുന്നതിനായി അതിർത്തി സേനകൾക്ക് നാർകോട്ടിക് ഡ്രഗ്സ് ആൻഡ് സൈക്കോട്രോപിക് സബ്സ്റ്റൻസസ് (എൻഡിപിഎസ്) അധികാരം നൽകുക തുടങ്ങിയ നടപടികളും മന്ത്രാലയം സ്വീകരിച്ചിട്ടുണ്ട്.