ഛത്തീസ്ഗഡിൽ സുരക്ഷാസേന 18 മാവോയിസ്റ്റുകളെ ഏറ്റുമുട്ടലിൽ വധിച്ചു
Sunday, March 30, 2025 1:39 AM IST
സുക്മ/ബിജാപുർ: ഛത്തീസ്ഗഡിൽ രണ്ടു വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ 11 വനിതകളടക്കം 18 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. സുക്മ, ബിജാപുർ ജില്ലകളിലായിരുന്നു ഏറ്റുമുട്ടൽ. നാലു പോലീസുകാർക്കു പരിക്കേറ്റു.
സുക്മയിൽ 17ഉം ബിജാപുരിൽ ഒരാളുമാണു കൊല്ലപ്പെട്ടത്. തലയ്ക്ക് 25 ലക്ഷം വിലയിട്ട ഉന്നത മാവോയിസ്റ്റ് നേതാവ് കുഹ്ദാമി ജഗദീഷ് ഉൾപ്പെടെയുള്ളവരാണ് സുക്മയിൽ കൊല്ലപ്പെട്ടത്.
2013ലെ ഝിരാം വാലി ആക്രമണക്കേസിൽ പ്രതിയാണ് ജഗദീഷ്. നിരവധി കോൺഗ്രസ് നേതാക്കളാണ് അന്നു കൊല്ലപ്പെട്ടത്. കേർലപാൽ പോലീസ് സ്റ്റേഷൻ പരിധിയിലുള്ള വനമേഖലയിൽ ഇന്നലെ രാവിലെ എട്ടോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്.
16 മാവോയിസ്റ്റുകളുടെ മൃതദേഹങ്ങൾ കണ്ടെടുത്തു. സംസ്ഥാന പോലീസിന്റെ ഭാഗമായ ഡിആർജിയും (ഡിസ്ട്രിക്ട് റിസർവ് ഗാർഡ്) സിആർപിഎഫും സംയുക്തമായാണ് മാവോയിസ്റ്റുകളെ നേരിട്ടത്. പരിക്കേറ്റ മൂന്നു പോലീസുകാർ ഡിആർജി അംഗങ്ങളും ഒരാൾ സിആർപിഎഫുകാരനുമാണ്. ഇവർ അപകടനില തരണംചെയ്തു.
എകെ 47 റൈഫിൾ ഉൾപ്പെടെ വൻ ആയുധശേഖരം സുരക്ഷാസേന കണ്ടെടുത്തു. ഈ വർഷം ഛത്തീസ്ഗഡിൽ 134 മാവോയിസ്റ്റുകളെ സുരക്ഷാസേന ഏറ്റുമുട്ടലിൽ വധിച്ചു. ഇവരിൽ 118 പേർ കൊല്ലപ്പെട്ടത് ബസ്തർ ഡിവിഷനിലാണ്.
ഇന്നലെ ബിജാപുർ ജില്ലയിൽ മാവോയിസ്റ്റുകൾ സ്ഥാപിച്ച ഐഇഡി പൊട്ടിത്തെറിച്ച് ഒരു സ്ത്രീക്കു പരിക്കേറ്റു. രാവിലെ ആറരയോടെ ബോദ്ഗ ഗ്രാമത്തിലായിരുന്നു സംഭവമുണ്ടായത്. വനത്തിൽ പോയി തിരികെ വരികയായിരുന്ന സ്ത്രീ ഐഇഡിയിൽ ചവിട്ടുകയായിരുന്നു. ഇവരുടെ കാലുകൾക്കു ഗുരുതര പരിക്കേറ്റു.