ഇന്‍ഫാം തമിഴ്നാട് സംസ്ഥാന അസംബ്ലി
Tuesday, April 1, 2025 1:17 AM IST
തേനി: ഇന്‍ഫാം സംഘടനയുടെ തമിഴ്നാട് സംസ്ഥാന അസംബ്ലി തേനിയില്‍ നടന്നു. കര്‍ഷക ക്ഷേമത്തിനായി ആയിരം മില്‍ക്ക് കാനുകളും ഒരു ലക്ഷംകിലോ കാലിത്തീറ്റയും നല്‍കുമെന്ന് യോഗം ഉദ്ഘാടനം ചെയ്ത ദേശീയ ചെയര്മാന് ഫാ. തോമസ് മറ്റമുണ്ടയില്‍ പറഞ്ഞു.
മണ്ണിന്റെ സംരക്ഷണവും കര്‍ഷകക്ഷേമവും അനുബന്ധ കൃഷികളുടെ പ്രോത്സാഹനവുമാണ് ഇന്‍ഫാം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. കര്‍ഷക മക്കളുടെ വിദ്യാഭ്യാസവും കൃഷിയിലെ സാങ്കേതികവിദ്യകളുടെ ഉപയോഗവും അറിവുകളുടെ കൈമാറ്റവും ഇന്‍ഫാമിന്റെ മറ്റു ലക്ഷ്യങ്ങളാണെന്നും ഇന്‍ഫാമിന്റെ പ്രവര്‍ത്തനങ്ങള്‍ ഭംഗിയായി നടപ്പിലാക്കുന്ന തമിഴ്നാട് സംസ്ഥാന ഭാരവാഹികളെ അഭിനന്ദിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന പ്രസിഡന്റ് ആര്.കെ. ദാമോദരന്‍ അധ്യക്ഷത വഹിച്ചു. ദേശീയ സെക്രട്ടറി സണ്ണി അഗസ്റ്റിന് അരഞ്ഞാണിപുത്തന്‍പുരയില്‍, ദേശീയ ട്രഷറര്‍ ജെയ്സണ്‍ ജോസഫ് ചെംബ്ലായില്‍, ദേശീയ എക്സിക്യൂട്ടീവ് മെംബര്‍ നെല്‍വിന്‍ സി. ജോയ്, തമിഴ്നാട് സെക്രട്ടറി സെല്‍വേന്ദ്രന്‍, എക്സിക്യൂട്ടീവ് മെംബര്‍ മൈക്കിള്‍ സവാരിമുത്തു, ദുരൈ, എസ്. അരുളാനന്ദം തുടങ്ങിയവര്‍ പ്രസംഗിച്ചു.
യോഗത്തില്‍ ഇന്‍ഫാമിന്റെ നേതൃത്വത്തില്‍ കര്‍ഷകര്‍ക്ക് സബ്സിഡി നിരക്കില്‍ വിതരണം ചെയ്യുന്ന ഒരു ലക്ഷം കിലോയോളം കാലിത്തീറ്റയുമായി പോകുന്ന വാഹനങ്ങളുടെ ഫ്ലാഗ്ഓഫും ഫാ. തോമസ് മറ്റമുണ്ടയില്‍ നിര്‍വഹിച്ചു.