വഖഫ് ഭേദഗതി ബില്ല്: കെസിബിസി നിലപാട് സ്വാഗതാർഹമെന്ന് രാജീവ് ചന്ദ്രശേഖർ
സ്വന്തം ലേഖകൻ
Monday, March 31, 2025 1:50 AM IST
ന്യൂഡൽഹി: വഖഫ് ഭേദഗതി ബില്ലിനെ കേരള എംപിമാർ പിന്തുണയ്ക്കണമെന്ന കേരള കാത്തലിക് ബിഷപ്സ് കൗണ്‍സിലിന്റെ (കെസിബിസി) പ്രസ്താവന സ്വാഗതാർഹമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ.
ഭരണഘടന ഉറപ്പുനൽകുന്ന അവകാശം സംരക്ഷിക്കുന്ന ബില്ല് ഒരു മതത്തെയും എതിർക്കുന്നില്ലെന്നും ഡൽഹിയിൽ നടത്തിയ വാർത്താസമ്മേളനത്തിൽ അദ്ദേഹം വ്യക്തമാക്കി. ഈ ബില്ലിനെ പിന്തുണയ്ക്കുക എന്നത് രാഷ്ട്രീയ പ്രവർത്തകരായ എല്ലാവരുടെയും കടമയാണ്. കോണ്‍ഗ്രസ്, മുസ്ലിംലീഗ്, ഇടത് എംപിമാർ തുടങ്ങിയവർ ബില്ലിനെ പിന്തുണയ്ക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
വികസിതഭാരതം ഉണ്ടാകുന്പോൾ വികസിതകേരളവും ഉണ്ടാകണമെന്നാണ് ബിജെപിയുടെ കാഴ്ചപ്പാട്. അതിനാവശ്യമായ നടപടികളുമായി മുന്നോട്ടുപോകും. രാജ്യം ഒന്നാകെ വികസിക്കുന്പോൾ കേരളത്തിനു മാത്രം അതിൽ നിന്നു മാറിനിൽക്കാൻ കഴിയില്ല. വികസനം ഉൾപ്പെടെ എല്ലാ വിഷയങ്ങളെക്കുറിച്ചും തുറന്ന ചർച്ച നടത്താൻ തയ്യാറാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.