ബാങ്കുകളെ മോദി സർക്കാർ ‘കളക്ഷൻ ഏജന്റു’മാരാക്കി: ഖാർഗെ
Sunday, March 30, 2025 1:39 AM IST
ന്യൂഡൽഹി: ബാങ്കുകളെ മോദി സർക്കാർ പണം ശേഖരിക്കുന്നതിനുള്ള ‘കളക്ഷൻ ഏജന്റു’മാരാക്കി മാറ്റിയെന്ന് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
സേവിംഗ്സ് അക്കൗണ്ടുകളിലും ജൻധൻ അക്കൗണ്ടുകളിലും മിനിമം ബാലൻസ് കാത്തുസൂക്ഷിക്കാത്തതിനാൽ 2018നും 2024നും ഇടയിൽ മോദി സർക്കാർ 43,500 കോടി രൂപയെങ്കിലും ഊറ്റിയെടുത്തിട്ടുണ്ടെന്ന് ഖാർഗെ സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ജനങ്ങളെ കൊള്ളയടിക്കാൻ മറ്റു ബാങ്ക് ചാർജുകളുമുണ്ടെന്നു ഖാർഗെ വിശദീകരിച്ചു.
ഉപയോക്താവിന്റെ അക്കൗണ്ടുകൾ ഒരു നിശ്ചിത കാലയളവുവരെ നിർജീവമാണെങ്കിൽ ‘ഇനാക്റ്റീവ് ഫീ’യായി എല്ലാ വർഷവും 100 രൂപ വരെ ഈടാക്കുന്നുവെന്ന് ഖാർഗെ പറഞ്ഞു. ബാങ്ക് സ്റ്റേറ്റ്മെന്റ് വിതരണത്തിനായി 50 മുതൽ 100 രൂപ വരെ, എസ്എംഎസ് അറിയിപ്പുകൾക്കായി ഒരു പാദത്തിൽ 20 മുതൽ 25 രൂപ വരെ, ലോണ്‍ പ്രോസസിംഗ് ഫീയായി ഒന്നു മുതൽ മൂന്നു ശതമാനം വരെയും ബാങ്കുകൾ ഈടാക്കുന്നുവെന്ന് ഖാർഗെ വിവരിച്ചു.
വായ്പകൾ നിശ്ചിതസമയത്തിനു മുന്‍പേ അടച്ചുതീർക്കുകയാണെങ്കിൽ അതിനു പിഴയായി ചാർജുകളും ഉപയോക്താവിനുമേൽ ഏർപ്പെടുത്തുന്നുണ്ടെന്നും ഇതു കൂടാതെ നാഷണൽ ഇലക്ട്രോണിക്സ് ഫണ്ട് ട്രാൻസ്ഫർ (എൻഇഎഫ്ടി) ചാർജുകളും ഡിമാൻഡ് ഡ്രാഫ്റ്റ് (ഡിഡി) ചാർജുകളും അധിക ബാധ്യതയാണെന്നും ഖാർഗെ പറഞ്ഞു.
മുന്‍പു കേന്ദ്ര സർക്കാർ ഇത്തരം ചാർജുകളിൽനിന്ന് ലഭിക്കുന്ന തുകയുടെ വിവരങ്ങൾ ലഭ്യമാക്കിയിരുന്നുവെന്നും എന്നാൽ ഇപ്പോൾ അത്തരം വിവരങ്ങൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ കൈകാര്യം ചെയ്യാറില്ലെന്ന മറുപടിയാണ് ലഭിക്കുന്നതെന്നും ഖാർഗെ പറഞ്ഞു. വിലക്കയറ്റവും അനിയന്ത്രിതമായ കൊള്ളയുമാണ് ജനങ്ങളെ പിഴിയാനുള്ള ബിജെപിയുടെ മന്ത്രമെന്ന് ഖാർഗെ പരിഹസിച്ചു.