കഠുവയിൽ കൊല്ലപ്പെട്ടത് അഞ്ച് ജയ്ഷ് ഭീകരർ
Saturday, March 29, 2025 2:07 AM IST
ജമ്മു: ജമ്മുകാഷ്മീരിലെ കഠുവയിൽ സുരക്ഷാസേന വധിച്ച അഞ്ച് ഭീകരരും ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദസംഘത്തിൽപ്പെട്ടവരാണെന്ന് അനുമാനം.
കഠുവയിലെ രാജ്ബാഗിൽ രണ്ടുദിവസമായി നടന്ന ഏറ്റുമുട്ടലിൽ നാല് പോലീസുകാർ വീരമൃത്യു വരിച്ചു. ഒരു പോലീസ് ഉദ്യോഗസ്ഥന്റെ ജഡം ഇന്നലെ കണ്ടെടുത്തതോടെയാണ് ഇക്കാര്യത്തിൽ സ്ഥിരീകരണമായത്.
ഡ്രോൺ ഉപയോഗിച്ചു നടത്തിയ പരിശോധനയിലാണു മൃതദേഹം വനമേഖലയിൽനിന്ന് കണ്ടെത്തിയത് ഏറ്റുമുട്ടലിൽ ഒരു ഡിവൈഎസ്പിക്കും പാര കമാൻഡോയ്ക്കും പരിക്കേറ്റതായും പോലീസ് അറിയിച്ചു.
രാജ്ബാഗിലെ സുദൂർ മേഖലയിൽ വ്യാഴാഴ്ച രാവിലെയാണു സുരക്ഷാസേനയും ഭീകരരും ഏറ്റുമുട്ടൽ തുടങ്ങിയത്. ജയ്ഷ് ഭീകരരുടെ നിഴലായി പ്രവർത്തിക്കുന്ന ആന്റി ഫാസിസ്റ്റ് ഫ്രണ്ട് എന്ന സംഘടനയുടെ പ്രവർത്തകരാണ് കൊല്ലപ്പെട്ട ഭീകരർ.
പോലീസിനെ സഹായിക്കാൻ വിവിധ സ്ഥലങ്ങളിൽനിന്ന് കരസേനാംഗങ്ങളും സിആർപിഎഫും ഏറ്റുമുട്ടൽ മേഖലയിൽ എത്തിയിരുന്നു. പ്രദേശത്ത് അഞ്ചു ദിവസമായി സുരക്ഷാസേന തിരച്ചിൽ തുടരുകയായിരുന്നു. ഇതിനിടെയാണ് ഭീകരർ ആക്രമണം അഴിച്ചുവിട്ടത്.
ഞായറാഴ്ച ഹിരാനഗർ സെക്ടറിലെ ഏറ്റുമുട്ടലിനിടെ രക്ഷപ്പെട്ട അഞ്ച് ഭീകരർ ഏറ്റുമുട്ടൽ നടന്ന ജഖോൾ പ്രദേശത്ത് എത്തുകയായിരുന്നു.