ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ നടപടി; ഹർജി സുപ്രീംകോടതി തള്ളി
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: ഔദ്യോഗിക വസതിയിൽനിന്ന് പണം കണ്ടെത്തിയതുമായി ബന്ധപ്പെട്ട കേസിൽ ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയ്ക്കെതിരേ കേസെടുത്ത് എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ടുള്ള ഹർജി സുപ്രീംകോടതി തള്ളി.
ചീഫ് ജസ്റ്റീസ് സഞ്ജീവ് ഖന്ന രൂപീകരിച്ച ആഭ്യന്തരസമിതി അന്വേഷണം നടത്തിവരികയാണെന്ന് ഹർജി തള്ളിക്കൊണ്ട് ജസ്റ്റീസുമാരായ അഭയ് എസ്. ഓക, ഉജ്ജൽ ഭൂയാൻ എന്നിവരുടെ ബെഞ്ച് വ്യക്തമാക്കി. അഭിഭാഷകരായ മാത്യൂസ് ജെ. നെടുന്പാറ, ഹേമാലി സുരേഷ് കുർണ എന്നിവരാണ് ഹർജിക്കാർ.
ആഭ്യന്തര അന്വേഷണത്തിനുശേഷം എല്ലാ സാധ്യതകളും തുറന്നിരിക്കുകയാണെന്നും ഇപ്പോൾ വിഷയത്തിൽ ഇടപെടാൻ കഴിയില്ലെന്നും ബെഞ്ച് ചൂണ്ടിക്കാട്ടി.
അതേസമയം, ജസ്റ്റീസ് യശ്വന്ത് വർമയെ മാതൃകോടതിയായ അലഹബാദ് ഹൈക്കോടതിയിലേക്കു സ്ഥലംമാറ്റിക്കൊണ്ടുള്ള ഉത്തരവ് പുറത്തിറങ്ങി. സുപ്രീംകോടതി കൊളീജിയമാണ് സ്ഥലംമാറ്റം ശിപാർശ ചെയ്തത്.
എന്നാൽ ജസ്റ്റീസ് വർമയ്ക്ക് ജുഡീഷൽ ഉത്തരവാദിത്വങ്ങൾ ഒന്നും നൽകരുതെന്ന് സുപ്രീംകോടതി അലഹബാദ് ഹൈക്കോടതി ചീഫ് ജസ്റ്റീസിനോട് നിർദേശിച്ചിട്ടുണ്ട്.