ഔറംഗസേബിന്റെ ശവകുടീരം മാറ്റി സ്ഥാപിക്കേണ്ടതില്ല: ഭയ്യാജി ജോഷി
Tuesday, April 1, 2025 1:17 AM IST
നാഗ്പുർ: മുഗൾ ചക്രവർത്തി ഔറംഗസേബിന്റെ ശവകുടീരം നീക്കം ചെയ്യണമെന്ന വലതുപക്ഷ സംഘടനകളുടെ ആവശ്യത്തെ തള്ളി ആർഎസ്എസ് നേതാവ് സുരേഷ് ഭയ്യാജി ജോഷി.
അനാവശ്യമായി ഉയർത്തിയ വിഷയമാണിതെന്ന് അദ്ദേഹം പറഞ്ഞു. ശവകുടീരം കാണാൻ ആഗ്രഹിക്കുന്നവർക്ക് ഇവിടം സന്ദർശിക്കാം. അദ്ദേഹം ഇവിടെ മരിച്ചു, അതിനാൽ അദ്ദേഹത്തിന്റെ ശവകുടീരം ഇവിടെയാണു നിർമിച്ചിരിക്കുന്നത്. സന്ദർശിക്കാൻ ആഗ്രഹിക്കുന്നവർ പോകും- മുൻ ആർഎസ്എസ് ജനറൽ സെക്രട്ടറി പറഞ്ഞു. ഔറംഗസേബിന്റെ ശവകുടീരം മാറ്റി സ്ഥാപിക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഔറംഗസേബിന്റെ ശവകുടീരത്തിന്റെ പേരിൽ വർഗീയസംഘർഷം സൃഷ്ടിക്കാനുള്ള ശ്രമങ്ങളെ മഹാരാഷ്ട്ര നവനിർമാൺ സേന (എംഎൻഎസ്) മേധാവി രാജ് താക്കറെ വിമർശിച്ചു.
ചരിത്രത്തെ ജാതിയുടെയും മതത്തിന്റെയും കണ്ണാടിയിലൂടെ കാണരുതെന്നും ചരിത്രപരമായ വിവരങ്ങൾക്കായി വാട്ട്സ്ആപ് ഫോർവേഡുകളെ ആശ്രയിക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.