വനങ്ങൾക്കു പുറത്തുള്ള കടുവകളെ നിയന്ത്രിക്കാൻ പദ്ധതി
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: സംരക്ഷിതവനങ്ങൾക്കു പുറത്തുള്ള കടുവകളെ നിയന്ത്രിക്കുന്നതിനും വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുമായി 176.45 കോടി രൂപയുടെ പദ്ധതിയുമായി കേന്ദ്രസർക്കാർ. രാജ്യത്തു രേഖപ്പെടുത്തിയിട്ടുള്ള 3,682 കടുവകളുടെ 30 ശതമാനത്തോളവും വനങ്ങളുടെ പുറത്താണെന്ന അനുമാനത്തിലാണ് പുതിയ പദ്ധതിക്ക് രൂപംകൊടുക്കുന്നത്.
2026-27 വരെ തുക വകയിരുത്തിയിട്ടുള്ള പദ്ധതിക്ക് കേന്ദ്ര വനം മന്ത്രാലയം അനുമതി നൽകിയിട്ടുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി അധ്യക്ഷനായ നാഷണൽ ബോർഡ് ഫോർ വൈൽഡ് ലൈഫിന്റെ യോഗത്തിൽ ഈ മാസമാദ്യം പദ്ധതി ചർച്ചയായിട്ടുമുണ്ട്.
ദേശീയ കടുവാ സംരക്ഷണ അഥോറിറ്റിയാണ് (എൻടിസിഎ) പദ്ധതി നടപ്പിലാക്കുക. 2022ലെ രാജ്യവ്യാപകമായുള്ള കടുവകളുടെ കണക്കും സമീപകാലത്തെ കടുവ ആക്രമണങ്ങളും കണക്കിലെടുത്തു 10 സംസ്ഥാനങ്ങളിൽ തെരഞ്ഞടുത്ത 80 ഫോറസ്റ്റ് ഡിവിഷനുകളിലായിരിക്കും പദ്ധതി ആദ്യം നടപ്പിലാക്കുക.
കടുവ നിരീക്ഷണം വർധിപ്പിക്കുക, വേട്ടയാടൽവിരുദ്ധ നടപടികൾ സജീവമാക്കുക, വനം ഉദ്യോഗസ്ഥർ നാട്ടുകാരുമായി സന്പർക്കം പുലർത്തുക, കടുവകളുടെ ആവാസ വ്യവസ്ഥ മെച്ചപ്പെടുത്തുക, കടുവ സംരക്ഷണകേന്ദ്രങ്ങളുടെ ശേഷി വർധിപ്പിക്കുക, കടുവ ആക്രമണങ്ങൾ തടയാനുള്ള മാർഗങ്ങൾ തേടുക എന്നിവയാണ് വനത്തിനു പുറത്തെ കടുവകളെ നിയന്ത്രിക്കുന്നതിനുള്ള പ്രധാന നിർദേശങ്ങൾ.
പദ്ധതിയുടെ ഭാഗമായി കടുവകൾ വനങ്ങൾക്ക് പുറത്തേക്കു കടക്കാതിരിക്കാനുള്ള മാർഗങ്ങൾ തേടും. സംസ്ഥാനങ്ങൾക്കു നൽകിവരുന്ന ഫണ്ട് വർധിപ്പിക്കാനും ലക്ഷ്യമിടുന്നുണ്ട്.
കേരളത്തിലെ വയനാട്, മഹാരാഷ്ട്രയിലെ ചന്ദ്രപുർ, ഉത്തർപ്രദേശിലെ പിലിഭിത്ത് എന്നിവ ആവർത്തിച്ചുള്ള കടുവാ ആക്രമണങ്ങളുടെ പ്രധാന ഉദാഹരണങ്ങളാണെന്നും നാട്ടുകാരുടെ ഇടപെടലോടെ വിഷയം സമഗ്രമായി പരിഹരിക്കേണ്ടതുണ്ടെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.