ഊട്ടി പുഷ്പോത്സവം മേയ് 16 മുതൽ
Sunday, March 30, 2025 1:39 AM IST
കോയന്പത്തൂർ: തെക്കേ ഇന്ത്യയിലെ ഏറ്റവും വലിയ പുഷ്പോത്സവത്തിന് ഊട്ടി ബൊട്ടാണിക്കൽ ഗാർഡനിൽ മേയ് 16നു തുടക്കമാകും. 127-ാമതു മേളയുടെ തുടക്കംകുറിച്ച് മേയ് മൂന്ന്, നാല് തീയതികളിൽ കോത്തഗിരി നെഹ്റു പാർക്കിൽ 13-ാമതു വെജിറ്റബിൾ ഷോ നടത്തും.
കോത്തഗിരിയിലും ഊട്ടിയിലും വിളയുന്ന പ്രധാന പച്ചക്കറി ഇനങ്ങൾ, അവയുടെ വിത്തുകൾ, ചെടികൾ തുടങ്ങിയവയെല്ലാം പ്രദർശനത്തിനുണ്ടാകും. ഗൂഡല്ലൂരിൽ മേയ് ഒൻപതു മുതൽ 11 വരെ സുഗന്ധദ്രവ്യങ്ങളുടെ പ്രദർശന, വിപണനമേള നടക്കും. ഒൻപതുമുതൽ 12 വരെ റോസ് ഗാർഡനിൽ റോസ് ഷോയും നടത്തും.
മേയ് 23 മുതൽ 25 വരെ ഊട്ടി കൂനൂരിലെ സിംസ് പാർക്കിൽ ഫ്രൂട്സ് ഷോയുണ്ടാകും. കൂനൂർ കാട്ടേരിയിൽ ഇത്തവണ ഊട്ടി മലയോരങ്ങളിൽ വിളയുന്ന പച്ചക്കറികളുടെ പ്രദർശനവും നടത്തുന്നുണ്ട്.
പുഷ്പമേള പ്രമാണിച്ച് നീലഗിരി ജില്ലയിലെത്തുന്ന സഞ്ചാരികളുടെ യാത്രാവഴികളിൽ നിയന്ത്രണങ്ങളും ജില്ലാ ഭരണകൂടം ഏർപ്പെടുത്തും.