കടൽമണൽ ഖനനം: പ്രധാനമന്ത്രിക്ക് കത്തെഴുതി രാഹുൽ ഗാന്ധി
Tuesday, April 1, 2025 1:17 AM IST
ന്യൂഡൽഹി: കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ മേഖലകളിലെ കടൽമണൽ ഖനനം അനുവദിക്കാനുള്ള കേന്ദ്രസർക്കാർ തീരുമാനത്തെ ശക്തമായി അപലപിച്ച് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.
പാരിസ്ഥിതിക ആഘാതം വിലയിരുത്താതെ കടൽത്തീര ഖനനത്തിനുള്ള ടെൻഡറുകൾ ക്ഷണിച്ച നടപടി നിർത്തിവയ്ക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിൽ രാഹുൽ ആവശ്യപ്പെട്ടു. പരിസ്ഥിതി ആഘാതം വിലയിരുത്താതെ സ്വകാര്യകന്പനികൾക്ക് ഖനനത്തിനായി കടൽത്തീരം തുറന്നുകൊടുക്കുന്നത് ആശങ്കാജനകമാണെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
ദശലക്ഷക്കണക്കിന് മത്സ്യത്തൊഴിലാളികൾ അവരുടെ ഉപജീവനമാർഗത്തക്കുറിച്ച് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. കൂടിയാലോചനയില്ലാതെയും തീരദേശ മേഖലയിൽ ദീർഘകാല സാമൂഹിക, സാന്പത്തിക ആഘാതപഠനം നടത്താതെയുമാണ് ടെൻഡറുകൾ ക്ഷണിച്ചതെന്നും രാഹുലിന്റെ കത്തിൽ ചൂണ്ടിക്കാട്ടി.
സമുദ്രജീവികൾക്കുള്ള ഭീഷണി, പവിഴപ്പുറ്റുകളുടെ നാശം, മത്സ്യസന്പത്തിന്റെ ശോഷണം തുടങ്ങി നിരവധി പ്രതികൂല പ്രത്യാഘാതങ്ങൾ ഖനനത്തിനു ഫലമായി നേരിടേണ്ടിവരും. കേരളത്തിൽ 11 ലക്ഷത്തിലധികം ആളുകൾ മത്സബന്ധനത്തെ ആശ്രയിക്കുന്നവരാണ്. അവരുടെ ജീവിതരീതിയുമായി അതിന് അടുത്ത ബന്ധമുണ്ട്.
വൈവിധ്യമാർന്ന ആവാസവ്യവസ്ഥയായി ഗ്രേറ്റ് നിക്കോബാർ ആഗോളതലത്തിൽ തന്നെ അംഗീകരിക്കപ്പെട്ടതാണ്. കൂടാതെ, നിരവധി തദ്ദേശീയ വന്യജീവികളുടെ ആവാസ കേന്ദ്രവുമാണിവിടം. കടൽത്തീരഖനനം മൂലമുണ്ടാകുന്ന ഏതൊരു പ്രതാഘാതവും പരിഹരിക്കാനാകാത്ത നാശനഷ്ടങ്ങൾക്ക് കാരണമാകും.
ഖനനത്തിന് അനുവദിച്ച കൊല്ലം തീരം ഒരു പ്രധാന മത്സ്യ പ്രജനന കേന്ദ്രമാണ്. ഖനനം അനുവദിച്ചാൽ ഇവയുടെ ആവാസവ്യവസ്ഥയെ ബാധിക്കുമെന്നും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
ഈ സാഹചര്യത്തിൽ കടൽത്തീര ഖനനത്തിനായി നൽകിയ ടെൻഡറുകൾ റദ്ദാക്കണമെന്ന് സർക്കാരിനോട് ശക്തമായി അഭ്യർഥിക്കുന്നതായും രാഹുൽ വ്യക്തമാക്കി. സാമൂഹികവും സാന്പത്തികവുമായ ആഘാതം വിലയിരുത്തുന്നതിന് കർശനമായ ശാസ്ത്രീയ പഠനങ്ങൾ നടത്തണം.
അതോടൊപ്പം ഏതെങ്കിലും പ്രധാന തീരുമാനം എടുക്കുന്നതിന് മുന്പ് എല്ലാ പങ്കാളികളുമായും, പ്രത്യേകിച്ച് മത്സ്യത്തൊഴിലാളികളുമായി കൂടിയാലോചന നടത്തണമെന്നും രാഹുൽ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടു.