വർഷങ്ങളോളം മോദിതന്നെ നയിക്കുമെന്ന് ഫഡ്നാവിസ്
Tuesday, April 1, 2025 2:40 AM IST
നാഗ്പുർ/മുംബൈ: പ്രധാനമന്ത്രി നരേന്ദ്ര മോദി സ്ഥാനമൊഴിയാൻ തയാറെടുക്കുന്നുവെന്ന രീതിയിലുള്ള അഭ്യൂഹങ്ങൾ തള്ളി മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്.
ഇനിയും ഒരുപാട് വർഷങ്ങൾ മോദി രാജ്യത്തെ നയിക്കുമെന്നും അദ്ദേഹം പറഞ്ഞു. ‘"പിതാവ് ജീവിച്ചിരിക്കുന്പോൾ പിൻതുടർച്ചാവകാശിയെക്കുറിച്ച് സംസാരിക്കുന്നത് ഭാരതീയ സംസ്കാരമല്ല. അത് മുഗൾ സംസ്കാരമാണ്.’’ ഫഡ്നാവിസ് കൂട്ടിച്ചേർത്തു.
മോദിയുടെ കാലം കഴിഞ്ഞെന്നും വിരമിക്കാനുള്ള തീരുമാനത്തെക്കുറിച്ച് സംസാരിക്കാനാണ് അദ്ദേഹം നാഗ്പുരിലെ ആർഎസ്എസ് ആസ്ഥാനത്തുപോയതെന്നും ശിവസേന ഉദ്ധവ് വിഭാഗം നേതാവായ സഞ്ജയ് റൗത്ത് നേരത്തേ പറഞ്ഞിരുന്നു. എന്നാൽ, ഇത്തരം ചർച്ചകളൊന്നുംതന്നെ നടന്നിട്ടില്ലെന്നു മുതിർന്ന ആർഎസ്എസ് നേതാവ് ഭയ്യാജി ജോഷിയും പ്രതികരിച്ചു.