അറസ്റ്റ് തടഞ്ഞു: കുനാൽ കമ്രയ്ക്ക് ഇടക്കാല ജാമ്യം
Saturday, March 29, 2025 2:07 AM IST
ചെന്നൈ: മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെക്കെതിരേയുള്ള പരാമർശത്തിന്റെ പേരിൽ വിവാദത്തിലായ സ്റ്റാൻഡ്അപ്പ് കൊമേഡിയൻ കുനാൽ കമ്രയ്ക്കു മദ്രാസ് ഹൈക്കോടതി ജാമ്യം അനുവദിച്ചു. എതിർകക്ഷിയായ മഹാരാഷ്ട്ര പോലീസിനു നോട്ടീസ് അയച്ച കോടതി കേസ് പരിഗണിക്കുന്ന അടുത്ത ഏഴുവരെ അറസ്റ്റ്തടയുകയും ചെയ്തു.
മുംബൈയിൽ നിന്ന് 2021 ൽ തമിഴ്നാട്ടിലേക്കു താമസം മാറ്റിയതാണെന്നും മുംബൈ പോലീസ് അറസ്റ്റ്ചെയ്യാൻ സാധ്യതയുണ്ടെന്നും ജാമ്യാപേക്ഷയിൽ പറഞ്ഞിരുന്നു. സ്ഥിരം ജാമ്യത്തിന് ബോംബെ ഹൈക്കോടതിയെ സമീപിക്കാനുള്ള നീക്കവും കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയിരുന്നു.
മുംബൈയിലെ ഹാബിറ്റാറ്റ് കോമഡി ക്ലബിൽ നടന്ന ഷോയിൽ സിനിമാ പാരഡി ഗാനത്തിലൂടെ ഉപമുഖ്യമന്ത്രി ഷിൻഡെ രാജ്യദ്രോഹിയെന്നു കുനാൽ കമ്ര പരിഹസിച്ചതായാണ് ആരോപണം.
ഇതിനെതിരേ ശിവസേന ഷിൻഡെ വിഭാഗം പ്രവർത്തകർ പരിപാടി നടന്ന ക്ലബിൽ നാശനഷ്ടങ്ങൾ വരുത്തുകയും ചെയ്തിരുന്നു.