കടൽമണൽ ഖനനം 10 ലക്ഷം മത്സ്യത്തൊഴിലാളികളെ നാടുകടത്തുന്ന പദ്ധതിയെന്ന് ജോസ് കെ. മാണി
Saturday, March 29, 2025 2:07 AM IST
ന്യൂഡൽഹി: കടൽമണൽ ഖനനം 10 ലക്ഷം മത്സ്യത്തൊഴിലാളികളെ നാടുകടത്തുന്ന പദ്ധതിയാണെന്നും പദ്ധതി ഉപേക്ഷിക്കാൻ കേന്ദ്രസർക്കാർ തയാറാകണമെന്നും കേരള കോണ്ഗ്രസ്-എം ചെയർമാൻ ജോസ് കെ. മാണി എംപി.
കേരളത്തെ ഒരിക്കലും ബഹുരാഷ്ട്ര കുത്തകകൾക്ക് വിട്ടുകൊടുക്കില്ലെന്നും പരശുരാമൻ മഴുവെറിഞ്ഞുണ്ടായ കേരളത്തെ ഖനനത്തിലൂടെ വീണ്ടും കടലാകാൻ അനുവദിക്കില്ലെന്നും എംപി പറഞ്ഞു. കടൽമണൽ ഖനന പദ്ധതിക്കെതിരേ മത്സ്യത്തൊഴിലാളി കോണ്ഗ്രസ്-എം ഡൽഹി ജന്തർമന്ദറിൽ സംഘടിപ്പിച്ച പാർലമെന്റ് മാർച്ചും ധർണയും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
മലയോര ജനതയുടെയും തീരദേശ ജനതയുടെയും ഒപ്പം നിൽക്കുന്ന പാർട്ടിയാണ് കേരള കോണ്ഗ്രസെന്നും ഭാവിയിലെ തെരഞ്ഞെടുപ്പും മുന്നണിയും നോക്കിയല്ല, തെറ്റുകൾ ഉണ്ടെങ്കിൽ ചൂണ്ടിക്കാണിച്ചാണ് കേരള കോണ്ഗ്രസ് മുന്നോട്ടു പോകുന്നതെന്നും എംപി പറഞ്ഞു. കുടിയിറക്കൽ ഭീഷണി നേരിടുന്ന മത്സ്യത്തൊഴിലാളികൾക്ക് “സീ റൈറ്റ്’ നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
മത്സ്യത്തൊഴിലാളി കോണ്ഗ്രസ് -എം സംസ്ഥാന പ്രസിഡന്റ് ജോസി പി. തോമസ് അധ്യക്ഷത വഹിച്ചു. കേരള കോണ്ഗ്രസ്-എം വൈസ് ചെയർമാൻ തോമസ് ചാഴിക്കാടൻ, ജനറൽ സെക്രട്ടറി സ്റ്റീഫൻ ജോർജ്, ജോബ് മൈക്കിൾ എംഎൽഎ, പ്രമോദ് നാരായണൻ എംഎൽഎ, ജോണി നെല്ലൂർ, ബേബി മാത്യു കാവുങ്കൽ, ഐവിൻ ഗ്യാൻസിസ്, ബാബു ജോസഫ്, മുഹമ്മദ് ഇഖ്ബാൽ, ചെറിയാൻ പോളച്ചിറയ്ക്കൽ, ജെന്നിംഗ്സ് ജേക്കബ്, സജി കുറ്റ്യാനിമറ്റം,ബെന്നി കക്കാട്, സെബാസ്റ്റ്യൻ ചൂണ്ടൽ, ബേബി ഉഴുത്തുവാൽ, ഉണ്ണികൃഷ്ണൻ ഈച്ചരേത്ത്, ജോയി കൊന്നയ്ക്കൽ, ടി.ഒ. ഏബ്രഹാം, സജി അലക്സ്, കെ. സഹായദാസ്, ടി.എം. ജോസഫ്, കെ. കുശലകുമാർ, ടോമി ജോസഫ്, ഉഷാലയം ശിവരാജൻ, സിറിയക് ചാഴിക്കാടൻ, ബ്രൈറ്റ് വട്ടനിരപ്പേൽ, മാത്യു കുന്നപ്പള്ളി, സാജൻ തൊടുക, ബേബി നെല്ലിക്കുഴി, ബിജു ആന്റണി, സന്തോഷ് അറയ്ക്കൽ, ബിജു ആന്റണി, മുഹമ്മദ് ഷാ, ഐസക് പ്ലാപ്പള്ളി, ജോമോൻ വരന്പേൽ, ചവറ ഷാ, വർഗീസ് പൈനാടത്ത് എന്നിവർ പ്രസംഗിച്ചു.