നവരാത്രി ദിനങ്ങളിൽ മാംസാഹാര വില്പനശാലകൾ അടച്ചിടണം: വാരാണസി കോർപറേഷൻ
Saturday, March 29, 2025 2:07 AM IST
വാരാണസി: കോർപറേഷൻ പരിധിയിലുള്ള മാംസാഹാര വില്പനശാലകൾ നവരാത്രികാലത്ത് അടച്ചിടാൻ തീരുമാനിച്ചതായി വാരാണസി മുനിസിപ്പൽ കോർപറേഷൻ മേയർ അശോക് തിവാരി.
മുനിസിപ്പൽ കോർപറേഷൻ എക്സിക്യൂട്ടീവ് കൗൺസിൽ യോഗത്തിലാണു തീരുമാനം. കാശി വിശ്വനാഥ ക്ഷേത്രത്തിന്റെ പ്രാധാന്യവും മതപരമായ ചടങ്ങുകളും പ്രമാണിച്ചാണ് തീരുമാനമെടുത്തതെന്ന് അശോക് തിവാരി പറഞ്ഞു.
അതേസമയം, തീരുമാനം പിൻവലിക്കണമെന്നും ആയിരങ്ങളുടെ ജീവിതത്തെ ഇതു പ്രതികൂലമായി ബാധിക്കുമെന്നും വിവിധ വ്യാപാരി സംഘടനകൾ ആവശ്യപ്പെട്ടു.
വാരാണസി കോർപേറഷനിൽ 100 നഗരസഭാംഗങ്ങളാണുള്ളത്. ഇവരിൽ 14 പേർ മുസ്ലിം വിഭാഗത്തിൽനിന്നുള്ളവരാണ്. തീരുമാനത്തെ ശക്തമായി എതിർക്കുന്നുവെന്നും തീരുമാനം മേയർ പുനഃപരിശോധിക്കുമെന്നാണ് കരുതുന്നതെന്നും ആലിപുർ വാർഡ് മെംന്പർ റാസിയ ബീഗം പ്രതികരിച്ചു.