ഭിന്നശേഷി വിദ്യാർഥിക്ക് മെഡിക്കൽ പ്രവേശനം അനുവദിച്ച് സുപ്രീംകോടതി
Saturday, February 22, 2025 2:23 AM IST
സനു സിറിയക്
ന്യൂഡൽഹി: ശാരീരികവൈകല്യം ചൂണ്ടിക്കാട്ടി മെഡിക്കൽ പ്രവേശനം നിഷേധിച്ച വിദ്യാർഥിക്കു പ്രവേശനം അനുവദിച്ച് സുപ്രീംകോടതി. എംബിബിഎസ് കോഴ്സുകൾ പൂർത്തിയാക്കാൻ ഇരു കൈകൾക്കും വൈകല്യമുണ്ടാകരുതെന്ന ദേശീയ മെഡിക്കൽ കമ്മീഷന്റെ മാർഗനിർദേശങ്ങൾ പുനഃപരിശോധിക്കേണ്ടതുണ്ടെന്നും കോടതി വ്യക്തമാക്കി.
ഭരണഘടനയുടെ അനുച്ഛേദം 41 പ്രകാരവും വികലാംഗരുടെ അവകാശനിയമത്തിനും വിരുദ്ധമാണ് മാർഗനിർദേശങ്ങളെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായി, കെ.വി. വിശ്വനാഥൻ എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. ഭിന്നശേഷിക്കാർക്കു ജോലി ചെയ്യാനും വിദ്യാഭ്യാസം നേടാനുമുള്ള അവകാശം ഉറപ്പാക്കുന്നതിന് ഫലപ്രദമായ വ്യവസ്ഥകൾ ഒരുക്കേണ്ടത് സർക്കാരുകളുടെ കടമയാണെന്ന് ഈ വകുപ്പുകൾ വ്യക്തമാക്കുന്നുവെന്ന് ബെഞ്ച് പറഞ്ഞു.
ശാരീരിക വൈകല്യമുള്ളവരുടെ പ്രവേശനവുമായി ബന്ധപ്പെട്ട പരിഷ്കരിച്ച ചട്ടം അടുത്ത മാസം മൂന്നിനുമുന്പ് സമർപ്പിക്കാനും കോടതി നിർദേശിച്ചു. വൈകല്യത്തിന്റെ പേരിൽ ഒരാളെ അയോഗ്യനായി പ്രഖ്യാപിക്കുന്പോൾ വൈകല്യ വിലയിരുത്തൽ ബോർഡുകൾ പ്രത്യേക ന്യായവാദം നൽകണമെന്നും കണ്ടെത്തലുകൾ ജുഡീഷൽ അവലോകനത്തിനു വിധേയമാകുമെന്നും കോടതി വ്യക്തമാക്കി.
വൈകല്യമുള്ളവരുടെ വിഭാഗത്തിൽ ഉയർന്ന മാർക്കോടെ കഴിഞ്ഞ വർഷം നീറ്റ് പരീക്ഷ പാസായ വിദ്യാർഥിക്ക് ശാരീരികവൈകല്യം ചൂണ്ടിക്കാട്ടി മെഡിക്കൽ കോളജിലെ ഡിസെബിലിറ്റി അസസ്മെന്റ് ബോർഡ് പ്രവേശനം നിഷേധിക്കുകയായിരുന്നു. ഇതിനെതിരായ ഹർജി പരിഗണിക്കവെയാണു കോടതി ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്. ഹർജിക്കാരന് 50 ശതമാനം ചലനവൈകല്യവും 20 ശതമാനം സംസാരവൈകല്യവുമുള്ളതായി വിലയിരുത്തിയിരുന്നു.
അകെ 58 ശതമാനം വൈകല്യം ഹർജിക്കാരന് ഉള്ളതായി കണ്ടെത്തി. എന്നാൽ കൂടുതൽ പരിശോധനകളൊന്നും നടത്താൻ തയാറാകാതെയാണു നീറ്റ് പരീക്ഷ പാസായിട്ടും വിദ്യാർഥിക്ക് മെഡിക്കൽ പ്രവേശനം നിഷേധിച്ചത്. തുടർന്ന് പഞ്ചാബ്- ഹരിയാന ഹൈക്കോടതിയെ സമീപിച്ചെങ്കിലും പ്രവേശത്തിന് അനുമതി ലഭിച്ചില്ല. തുടർന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്.
വിദ്യാർഥിക്ക് രാജസ്ഥാനിലെ സിരോഹിയിലുള്ള സർക്കാർ മെഡിക്കൽ കോളജിൽ പ്രവേശനം നേടാൻ സുപ്രീംകോടതി അനുമതി നൽകി.