പാക്കിസ്ഥാനിലേക്ക് അനധികൃത മരുന്ന് ; കന്പനിയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: പാക്കിസ്ഥാനിലേക്ക് അനധികൃതമായി മരുന്നു കയറ്റുമതി നടത്തിയ തെലുങ്കാനയിലെ മരുന്നുകന്പനിയുടെ സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്(ഇഡി) കണ്ടുകെട്ടി.
കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് ലൂസെന്റ് ഡ്രഗ്സിനെതിരേ ഇഡി നടപടി. ഭൂമി, കെട്ടിടം, ഫാക്ടറി എന്നിവ ഉൾപ്പെടെ 5.67 കോടി രൂപയുടെ സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.
18,000 കിലോ ട്രമാഡോൾ ആണ് ലൂസെന്റ് ഡ്രഗ്സ് പാക്കിസ്ഥാനിലേക്ക് കയറ്റി അയച്ചത്. നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ(എൻസിബി)യുടെ പരാതിയിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. 2018ൽ ട്രമാഡോൾ ലഹരിപദാർഥമായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. തുടർന്ന് രാജ്യത്ത് ഇതിന്റെ വില്പന എൻസിബിയുടെ മേൽനോട്ടത്തിലായി.
ഇന്ത്യയിൽനിന്നും മറ്റു രാജ്യങ്ങളിൽനിന്നും എത്തുന്ന മരുന്ന് അനധികൃതമായി ഇസ്ലാമിക് സ്റ്റേറ്റ്, ബൊക്കൊ ഹറാം ഭീകരരുടെ പക്കലെത്തുന്നുണ്ടെന്ന് ആഗോളി ആന്റി-നാർക്കോട്ടിക്സ് ഏജൻസികൾ കണ്ടെത്തിയിരുന്നു.