റംസാൻ ഇളവ് ചർച്ച ചെയ്തിട്ടില്ലെന്നു ജി. പരമേശ്വര
Saturday, February 22, 2025 2:23 AM IST
ബംഗളൂരു: റംസാൻ പ്രമാണിച്ച് സംസ്ഥാനത്തെ മുസ്ലിം ജീവനക്കാർക്ക് ജോലിസമയത്തിൽ ഇളവ് നൽകുന്നതിനെക്കുറിച്ച് സർക്കാർ ചർച്ച ചെയ്തിട്ടില്ലെന്നു കർണാടക ആഭ്യന്തരമന്ത്രി ജി. പരമേശ്വര പറഞ്ഞു.
ഈ ആവശ്യമുന്നയിച്ചുകൊണ്ട് കോൺഗ്രസ് ഉപാധ്യക്ഷന്മാരായ സയീദ് അഹമ്മദും എ.ആർ.എം. ഹുസൈനും മുഖ്യമന്ത്രി സിദ്ധരാമയ്യയെ സമീപിച്ചതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
തെലുങ്കാനയിൽ സമാനപരിഷ്കരണം നടപ്പാക്കിയതും ബിജെപി അതിനെ വിമർശിച്ചതിനെയും കുറിച്ചുള്ള ചോദ്യത്തിന് “ തെലുങ്കാന ഞങ്ങളുടെ വിഷയമല്ല’’ എന്നായിരുന്നു പരമേശ്വരയുടെ മറുപടി.
അതേ സമയം, കോൺഗ്രസ് ഉപാധ്യക്ഷന്മാരുടെ നീക്കം പ്രീണനരാഷ്ട്രീയമാണെന്നു പ്രതിപക്ഷനേതാവ് ആർ.അശോക പ്രതികരിച്ചു.