ആസാം ഖനിയിൽ കുടുങ്ങിയ അഞ്ചു പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി
Friday, February 21, 2025 3:26 AM IST
ഗോഹട്ടി: ആസാമിലെ ദിമ ഹസാവോ ജില്ലയിലെ കൽക്കരി ഖനിയിൽ കുടുങ്ങിയ അഞ്ചു പേരുടെ മൃതദേഹങ്ങൾകൂടി കണ്ടെത്തി. മൂന്നു പേരുടെ മൃതദേഹങ്ങൾ ബുധനാഴ്ച വൈകുന്നേരവും രണ്ടു പേരുടേത് ഇന്നലെ രാവിലെയുമായിരുന്നു കണ്ടെത്തിയത്.
അഴുകിയ നിലയിലായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരെ തിരിച്ചറിയാനുള്ള നടപടികൾ ഉടൻ ആരംഭിക്കും.
ഇതോടെ ഖനിയിൽ കുടുങ്ങിയ ഒന്പതു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. 44 ദിവസത്തെ തെരച്ചിൽ ഇന്നലെ അവസാനിപ്പിച്ചു.
ജനുവരി ആറിനാണ് തൊഴിലാളികൾ ഉമറാംഗ്സോയിലെ വെള്ളം കയറിയ ഖനിയിൽ കുടുങ്ങിയത്. രണ്ടു ദിവസത്തിനകം ഒരാളുടെയും ജനുവരി 11നു മൂന്നു പേരുടെയും മൃതദേഹങ്ങൾ കണ്ടെടുത്തു. സംഭവത്തിൽ ആസാം സർക്കാർ ജുഡീഷൽ അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.