രാജസ്ഥാൻ നിയമസഭയിൽ ബഹളം
Saturday, February 22, 2025 2:23 AM IST
ജയ്പൂർ: അന്തരിച്ച മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയെ ബിജെപിയുടെ സാമൂഹ്യനീതി വകുപ്പ് മന്ത്രി അവിനാശ് ഗെലോട്ട് അപമാനിച്ചുവെന്ന് ആരോപിച്ചു രാജസ്ഥാൻ നിയമസഭ ബഹളമയമായി. പ്രതിഷേധവും മുദ്രാവാക്യം വിളികളും നടത്തിയ മൂന്ന് കോൺഗ്രസ് എംഎൽഎമാരെ ബജറ്റ് സമ്മേളനം കഴിയുന്നതുവരെ സസ്പെൻഡ് ചെയ്തു.
വർക്കിംഗ് വിമൻസ് ഹോസ്റ്റലുകളെക്കുറിച്ച് സംസാരിക്കവേ, 2023-24 ബജറ്റിലും ഈ സ്കീമിന് നിങ്ങളുടെ ദാദിയായ (മുത്തശി) ഇന്ദിരയുടെ പേരാണ് നൽകിയത് എന്ന് അവിനാശ് ഗെലോട്ട് പറഞ്ഞതാണ് കോൺഗ്രസിനെ ചൊടിപ്പിച്ചത്.
മന്ത്രി മാപ്പു പറയണമെന്ന് പ്രതിപക്ഷ നേതാവ് ടിക്കാറാം ജുല്ലി അടക്കം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയില്ല. പരാമർശം നീക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് എംഎൽഎമാർ നടുത്തളത്തിൽ ധർണ നടത്തി.
എന്നാൽ, മുത്തശൻ, മുത്തശി തുടങ്ങിയവയൊക്കെ ബഹുമാനം നൽകാൻ ഉപയോഗിക്കുന്ന വാക്കുകളാണെന്നും മോശമായി കാണേണ്ടതില്ലെന്നുമാണ് ബിജെപിയുടെ നിലപാട്.