ആസാമിൽ കോൺഗ്രസ് എംപിയെ ജനക്കൂട്ടം ആക്രമിച്ചു
Friday, February 21, 2025 3:26 AM IST
ഗോഹട്ടി: ആസാമിലെ കോൺഗ്രസ് എംപി റക്കിബുൾ ഹുസൈനെയും രണ്ടു അംഗരക്ഷകരെയും ജനക്കൂട്ടം ആക്രമിച്ചു. നാഗാവ് ജില്ലയിലായിരുന്നു സംഭവം.
ധുബ്രി മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന ഹുസൈൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. അംഗരക്ഷകർക്ക് നേരിയ പരിക്കുണ്ട്. അക്രമികളെ ഉടൻ അറസ്റ്റ് ചെയ്യണമെന്ന് സംസ്ഥാന കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടു.
ഗുണോമാരി ഗ്രാമത്തിൽ കോൺഗ്രസ് യോഗത്തിൽ പങ്കെടുക്കാൻ ബൈക്കിൽ പോകവേയാണ് റക്കിബുൾ ഹുസൈൻ ആക്രമിക്കപ്പെട്ടത്. മുഖംമൂടിധാരികളായ അക്രമികൾ ക്രിക്കറ്റ് ബാറ്റ്കൊണ്ട് എംപിയെയും അംഗരക്ഷകരെയും ആക്രമിക്കുകയായിരുന്നു.
അംഗരക്ഷകർ വെടിയുതിർത്തുവെങ്കിലും ജനക്കൂട്ടം ആക്രമണം തുടർന്നു. പോലീസെത്തിയാണ് അക്രമികളെ തുരത്തിയത്. റക്കിബുൾ ഹുസൈൻ സുരക്ഷ വർധിപ്പിക്കുമെന്ന് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ നിയമസഭയിൽ പറഞ്ഞു.