തിക്കിലും തിരക്കിലുംപെട്ടുണ്ടായ ദുരന്തം ; ദൃശ്യങ്ങൾ നീക്കം ചെയ്യാൻ എക്സിനോട് റെയിൽവേ
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: ന്യൂഡൽഹി റെയിൽവേ സ്റ്റേഷനിൽ കഴിഞ്ഞ 15ന് തിക്കിലും തിരക്കിലുംപെട്ട് 18 പേർ മരിച്ച ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോകളും ഫോട്ടോകളും നീക്കം ചെയ്യാൻ സമൂഹമാധ്യമമായ എക്സിനോട് റെയിൽവേ ആവശ്യപ്പെട്ടു.
തിക്കിലും തിരക്കിലും മരിച്ചവരുടെ വീഡിയോകളും ഫോട്ടോകളും ഉൾപ്പെടെയുള്ള 285 സമൂഹമാധ്യമ ലിങ്കുകൾ എക്സിൽ പ്രചരിക്കുന്നുണ്ട്. ഇതടക്കമുള്ള ഉള്ളടക്കങ്ങൾ നീക്കം ചെയ്യാനാണു റെയിൽവേ ബോർഡ് ഇൻഫർമേഷൻ ആൻഡ് പബ്ലിസിറ്റി വിഭാഗം എക്സിക്യൂട്ടീവ് ഡയറക്ടർ ആവശ്യപ്പെട്ടത്.
36 മണിക്കൂറികൾക്കുള്ളിൽ ഇവ നീക്കം ചെയ്യണമെന്നാണു നിർദേശം. ഇത്തരം വീഡിയോകൾ കാണുകയോ പങ്കുവയ്ക്കുകയോ ചെയ്യുന്നത് സമൂഹത്തിൽ ക്രമസമാധാന പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ഇടയാക്കുമെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. പ്രയാഗ്രാജിൽ നടക്കുന്ന മഹാകുംഭമേളയ്ക്കു പോകുന്നതിന് വലിയതോതിൽ തീർഥാടകർ എത്തിയതിനെത്തുടർന്നാണു വൻ തിരക്ക് അനുഭവപ്പെട്ടത്.
എന്നാൽ തിരക്കു നിയന്ത്രിക്കാൻ റെയിൽവേ പരാജയപ്പെട്ടത് സ്ത്രീകളും കുട്ടികളുമടക്കം 18 പേരുടെ മരണത്തിനിടയാക്കി. ട്രെയിനുകളുടെ പേരിലുണ്ടായ ആശയക്കുഴപ്പമാണ് ദുരന്തത്തിലേക്കു നയിച്ചതെന്ന് ഡൽഹി പോലീസും അനൗണ്സ്മെന്റിലുണ്ടായ തെറ്റാണു തിരക്ക് നിയന്ത്രിക്കാൻ കഴിയാതെ പോയതിനു കാരണമെന്ന് റെയിൽവേ സംരക്ഷണ സേനയും നടത്തിയ ആദ്യഘട്ട അന്വേഷണ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ പരിധിയിൽ കൂടുതൽ ജനറൽ ടിക്കറ്റുകൾ വിറ്റത് എന്തിനാണെന്നായിരുന്നു ഡൽഹി ഹൈക്കോടതി റെയിൽവേ അധികൃതരോടു ചോദിച്ചത്.
വീഴ്ച സമ്മതിക്കുന്നതിനു പകരം ദൃശ്യങ്ങൾ നീക്കം ചെയ്യാനാണ് റെയിൽവേയ്ക്ക് തിടുക്കമെന്ന വിമർശനം ഉയർന്നുകഴിഞ്ഞു.