സംവിധായകൻ ഷങ്കറിന്റെ 10 കോടിയുടെ സ്വത്ത് ഇഡി കണ്ടുകെട്ടി
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: രജനീകാന്തിന്റെ സൂപ്പർ ഹിറ്റ് സിനിമ യെന്തിരന്റെ സംവിധായകൻ ഷങ്കറിന്റെ 10.11 കോടി രൂപയുടെ സ്വത്ത് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി.
പകർപ്പവകാശ ലംഘനത്തിന്റെ പേരിലാണു നടപടി. കള്ളപ്പണം വെളുപ്പിക്കൽ കേസിൽ പകർപ്പവകാശ ലംഘനത്തിന്റെ പേരിൽ ആദ്യമായാണ് സ്വത്ത് കണ്ടുകെട്ടുന്നത്.
ആരൂർ തമിഴ്നാദൻ എന്നയാളുടെ പരാതിയിലാണു നടപടി. ഇദ്ദേഹത്തിന്റെ ജിഗുബ എന്ന കഥയാണ് ഷങ്കർ യെന്തിരൻ എന്ന പേരിൽ സിനിമയാക്കിയതെന്നാണു പരാതി.
രജനീകാന്തിനൊപ്പം ഐശ്വര്യ റായിയും അഭിനയിച്ച യെന്തിരൻ 2010ലാണ് റിലീസ് ചെയ്തത്.അന്ന് 290 കോടി രൂപയാണു സിനിമയ്ക്ക് കളക്ഷനായി ലഭിച്ചത്. യെന്തിരന്റെ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം എന്നിവ നിർവഹിച്ചത് ഷങ്കറായിരുന്നു. അന്ന് 11.5 കോടി രൂപ ഇദ്ദേഹത്തിനു പ്രതിഫലമായി ലഭിച്ചു.