രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷ പ്രസംഗങ്ങളിൽ 74% വർധനയെന്ന് റിപ്പോർട്ട്
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: രാജ്യത്ത് ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ വൻ വർധനവെന്നു റിപ്പോർട്ട്.
ക്രൈസ്തവരും മുസ്ലിംകളുമടങ്ങുന്ന ന്യൂനപക്ഷങ്ങൾക്കെതിരായ വിദ്വേഷപ്രസംഗങ്ങളിൽ കഴിഞ്ഞ വർഷം 74.4 ശതമാനം വർധനവുണ്ടായിട്ടുണ്ടെന്ന് ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു.
മതന്യൂനപക്ഷങ്ങൾക്കെതിരേ 2023ൽ 668 സംഭവങ്ങളാണു റിപ്പോർട്ട് ചെയ്തിരുന്നതെങ്കിൽ ലോക്സഭാ തെരഞ്ഞെടുപ്പ് നടന്ന കഴിഞ്ഞ വർഷം അത് 1165 ആയി വർധിച്ചു. ഇതിൽ 1147 വിദ്വേഷ പ്രസംഗങ്ങൾ മുസ്ലിംകളെ ലക്ഷ്യം വച്ചുള്ളതാണെങ്കിൽ 115 എണ്ണം ക്രൈസ്തവർക്കെതിരേയാണ്.
വിദ്വേഷ പ്രസംഗങ്ങളിൽ 259 എണ്ണം വ്യക്തമായി അക്രമങ്ങൾക്ക് ആഹ്വാനം ചെയ്യുന്ന അപകടകരമായ പരാമർശങ്ങളാണ്. സംഘടിത വിദ്വേഷ പ്രസംഗങ്ങൾക്കെതിരേ പഠനം നടത്തുന്ന വാഷിംഗ്ടണിലെ സിഎസ്ഒഎച്ച് എന്ന സംഘടനയാണ് റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്.
ബിജെപിയും സഖ്യകക്ഷികളും ഭരിക്കുന്ന സംസ്ഥാനങ്ങളിലാണു വിദ്വേഷ പ്രസംഗങ്ങളിലെ 80 ശതമാനവും ഉണ്ടായിരിക്കുന്നതെന്ന് റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഉത്തർപ്രദേശിൽ 242 സംഭവങ്ങൾ രേഖപ്പെടുത്തിയപ്പോൾ കേരളത്തിൽ ഏഴു സംഭവങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
വിദ്വേഷപ്രസംഗങ്ങൾ വർധിക്കുന്നതിന് സമൂഹമാധ്യമങ്ങൾ ഒരു വലിയ കാരണമാണെന്നും പല പരാമർശങ്ങളും രാജ്യത്തെ പ്രധാന രാഷ്ട്രീയ നേതാക്കന്മാരിൽനിന്ന് ഉണ്ടായിട്ടുണ്ടെന്നും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
തെരഞ്ഞെടുപ്പുറാലികളിൽ നരേന്ദ്ര മോദിയും അമിത് ഷായും യോഗി ആദിത്യനാഥും ഹിമന്ത ബിശ്വ ശർമയും വിദ്വേഷപ്രസംഗങ്ങൾ നടത്തുന്പോൾ ഇവ പ്രാദേശിക നേതാക്കന്മാരിലൂടെയും സമൂഹമാധ്യമത്തിലൂടെയും ആളിക്കത്തുന്നുണ്ടെന്നും ഇന്ത്യ ഹേറ്റ് ലാബ് അടിവരയിടുന്നു.
സമൂഹമാധ്യമങ്ങൾക്കുള്ള നിർദേശങ്ങൾ ലംഘിക്കുന്നുണ്ടെങ്കിലും വിദ്വേഷപരാമർശങ്ങളിലെ മൂന്നെണ്ണം മാത്രമാണു ഫേസ് ബുക്ക് നീക്കം ചെയ്തിരിക്കുന്നതെന്നും ശേഷിക്കുന്ന 98.4 ശതമാനം വീഡിയോകൾ ഇപ്പോഴും വിവിധ മാധ്യമങ്ങളിൽ തുടരുന്നുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.