21 ദശലക്ഷം ഡോളർ ബംഗ്ലാദേശിന്
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: ഇന്ത്യയിലെ തെരഞ്ഞെടുപ്പുകളിൽ വോട്ടർമാരുടെ പങ്കാളിത്തം ഉറപ്പാക്കാൻ അമേരിക്ക 21 ദശലക്ഷം ഡോളർ (160 കോടി രൂപ) ധനസഹായം നൽകിയതായുള്ള യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെയും യുഎസ് വ്യവസായ പ്രമുഖൻ ഇലോൺ മസ്കിന്റെയും ആരോപണം തെറ്റെന്നു രേഖകൾ. ബൈഡൻ സർക്കാരിന്റെ കാലത്ത് ഈ ഫണ്ട് ബംഗ്ലാദേശിനാണു നൽകിയതെന്ന് രേഖകൾ ഉദ്ധരിച്ച് പ്രമുഖ ദേശീയ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഫണ്ടിന്റെ പേരിൽ കോൺഗ്രസിനെയും പ്രതിപക്ഷത്തെയും ലക്ഷ്യമിട്ട് ബിജെപി ആരോപണം ശക്തമാക്കിയിരിക്കെയാണു പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.
കഴിഞ്ഞ വർഷം ബംഗ്ലാദേശിൽ നടന്ന തെരഞ്ഞെടുപ്പിലെ വോട്ടർ പങ്കാളിത്തത്തിനുവേണ്ടി 21 ദശലക്ഷം ഡോളർ 2022ൽ അനുവദിച്ചെന്നും ഇന്ത്യയിൽ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ഒരു പദ്ധതിക്കും അമേരിക്ക 2008നുശേഷം പണം നൽകിയിട്ടില്ലെന്നും റിപ്പോർട്ടിലുണ്ട്.
അനാവശ്യ ചെലവുകൾ വെട്ടിച്ചുരുക്കാൻ നിയുക്തനായ ഇലോൺ മസ്കിന്റെ നേതൃത്വത്തിലുള്ള കാര്യക്ഷമതാ വകുപ്പ് വിവിധ രാജ്യങ്ങൾക്കുള്ള സഹായങ്ങൾക്കുപുറമെ ഇന്ത്യയ്ക്കുള്ള 21 ദശലക്ഷം ഡോളറിന്റെ സഹായവും നിർത്തലാക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. ഇതിനു പിന്നാലെ കോൺഗ്രസിനെതിരേ ആരോപണവുമായി ബിജെപി രംഗത്തുവന്നു.
കള്ളങ്ങൾ ആദ്യമായി അമേരിക്കയിൽനിന്നു പ്രചരിപ്പിക്കാൻ തുടങ്ങിയെന്നും പിന്നാലെ ബിജെപി ആ കള്ളങ്ങൾ വലുതാക്കിയെന്നും എഐസിസി ജനറൽ സെക്രട്ടറി ജയ്റാം രമേശ് പ്രതികരിച്ചു. “ഗോദി’’’’ മാധ്യമങ്ങളതു ചർച്ചയാക്കി. ഇപ്പോൾ ആ കള്ളങ്ങളുടെ സത്യാവസ്ഥ വെളിച്ചത്തുവന്നെന്നും ജയ്റാം രമേശ് ചൂണ്ടിക്കാട്ടി.
എന്നാൽ തെരഞ്ഞെടുപ്പ് കമ്മീഷനും തെരഞ്ഞെടുപ്പ് സംവിധാനങ്ങൾക്കുള്ള അന്താരാഷ്ട്ര ഫൗണ്ടേഷനും (ഐഎഫ്ഇഎസ്) 2012ൽ ധാരണാപത്രത്തിൽ ഒപ്പുവച്ചിട്ടുണ്ടെന്ന് ബിജെപി നേതാവ് അമിത് മാളവ്യ ആരോപിച്ചു.
ഐഎഫ്ഇഎസിന് അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസുമായി ബന്ധമുണ്ടെന്നും സോറോസിന്റെ സംഘടനയ്ക്കു പണം നൽകിവരുന്നത് വോട്ടർമാരുടെ പങ്കാളിത്തത്തിന് പണം നൽകിവരുന്ന അന്താരാഷ്ട്ര വികസനത്തിനുള്ള അമേരിക്കൻ ഏജൻസിയാണെന്നും (യുഎസ്എഐഡി) അമിത് പറഞ്ഞു.
ധനസഹായം ആശങ്കപ്പെടുത്തുന്നത്: വിദേശകാര്യമന്ത്രാലയം
ന്യൂഡൽഹി: ജനാധിപത്യപ്രക്രിയ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള വോട്ടർമാരുടെ പങ്കാളിത്തത്തിന് ഇന്ത്യക്ക് 2.1 കോടി ഡോളർ അമേരിക്ക നൽകിവരുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്കപ്പെടുത്തുന്നതാണെന്ന് വിദേശകാര്യമന്ത്രാലയം.
റിപ്പോർട്ട് ഇന്ത്യയുടെ ആഭ്യന്തരകാര്യങ്ങളിൽ വിദേശ ഇടപെടൽ ഉണ്ടാകുന്നുവെന്ന തരത്തിലുള്ള ആശങ്കകൾ ജനിപ്പിക്കുന്നതാണെന്ന് വിദേശകാര്യമന്ത്രാലയ വക്താവ് രണ്ധീർ ജയ്സ്വാൾ പറഞ്ഞു. വോട്ടർമാരുടെ പങ്കാളിത്തത്തിനു പണം നൽകി വന്നിരുവെന്ന അമേരിക്കയുടെ വെളിപ്പെടുത്തലിൽ അന്വേഷണം നടന്നുവരികയാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.