ബിജെപി എംഎൽഎയുമായി ബന്ധപ്പെട്ട അക്കൗണ്ടുകൾ നീക്കം ചെയ്തു മെറ്റ
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്ന വിദ്വേഷപ്രസംഗങ്ങൾ ചൂണ്ടിക്കാട്ടി ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ട് വന്നതിനുപിന്നാലെ ബിജെപി എംഎൽഎ ടി. രാജസിംഗുമായി ബന്ധപ്പെട്ടുള്ള സമൂഹമാധ്യമ അക്കൗണ്ടുകൾ മെറ്റ പ്ലാറ്റ്ഫോം നീക്കം ചെയ്തു.
തെലുങ്കാനയിലെ ബിജെപി എംഎൽഎ രാജയുമായി ബന്ധപ്പെട്ടുള്ള രണ്ട് ഫേസ്ബുക്ക് ഗ്രൂപ്പുകളും മൂന്ന് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുമാണ് വിദ്വേഷപ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നുവെന്ന കാരണത്താൽ മെറ്റ നീക്കം ചെയ്തത്.
"അപകടകരമായ വ്യക്തികളും സംഘടനകളും'എന്ന നയത്തിന്റെ കീഴിൽ 2020ൽ മെറ്റ പ്ലാറ്റ്ഫോമുകളിൽനിന്ന് രാജയ്ക്ക് വിലക്കേർപ്പെടുത്തിയിരുന്നു. എന്നാൽ നിരോധനം മറികടക്കാൻ അദ്ദേഹവും കൂട്ടാളികളും പുതിയ ഗ്രൂപ്പുകളും പേജുകളുമാക്കിയാണ് വിദ്വേഷപരാമർശങ്ങളുടെ വീഡിയോകളും പോസ്റ്റുകളും പ്രചരിപ്പിച്ചുകൊണ്ടിരുന്നത്.
ഇന്ത്യ ഹേറ്റ് ലാബിന്റെ റിപ്പോർട്ടുപ്രകാരം രാജയിൽനിന്ന് 32 വിദ്വേഷപ്രസംഗങ്ങളുണ്ടായി. മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരേ നേരിട്ട് അക്രമത്തിന് ആഹ്വാനം ചെയ്യുന്ന 22 സംഭവങ്ങളും ഇതിലുൾപ്പെടുന്നു.