ഒരു കോടി രൂപയുടെ മയക്കുമരുന്നുമായി ഡൽഹിയിലെ "ലേഡി ഡോണ്‍’ അറസ്റ്റിൽ
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: വർഷങ്ങളായി പോലീസിന്റെ കണ്ണു വെട്ടിച്ച് വിലസിയിരുന്ന "ലേഡി ഡോണ്‍’ എന്നറിയപ്പെടുത്ത സോയ ഖാൻ (33) പിടിയിൽ. ഒരു കോടിയോളം വില വരുന്ന 270 ഗ്രാം ഹെറോയിൻ സഹിതമാണു സോയയെ പോലീസ് അറസ്റ്റ് ചെയ്തത്.
കുപ്രസിദ്ധ ഗുണ്ടാനേതാവ് ഹാഷിം ബാബയുടെ മൂന്നാം ഭാര്യയായ ഇവരെ വലയിൽ വീഴ്ത്താൻ പോലീസ് ശ്രമിച്ചിട്ടും സാധിച്ചിരുന്നില്ല. ഒടുവിൽ രഹസ്യവിവരത്തെത്തുടർന്ന് വടക്കുകിഴക്കൻ ഡൽഹിയിൽനിന്നാണ് ഇവരെ ലഹരിമരുന്നുമായി പിടികൂടിയത്.
കൊലപാതകം മുതൽ ആയുധക്കടത്ത് വരെ ഒട്ടേറെ കേസുകളുള്ള സോയയുടെ ഭർത്താവ് ഹാഷിം ബാബ നിലവിൽ ജയിലിലാണ്. ഭർത്താവ് ജയിലിലായതോടെ ഹാഷിമിന്റെ ക്രിമിനൽ സാമ്രാജ്യം സോയ ഏറ്റെടുക്കുകയായിരുന്നു. എന്നാൽ, ക്രിമിനൽ പ്രവർത്തനങ്ങളുമായി നേരിട്ട് ഇടപെടാതിരുന്നതിനാൽ ഇവരെ അറസ്റ്റ് ചെയ്യാൻ പോലീസിന് കഴിഞ്ഞിരുന്നില്ല.
ക്വൊട്ടേഷൻ, ലഹരിക്കടത്ത്, പിടിച്ചുപറി തുടങ്ങിയ നിരവധി കേസുകളിൽ സോയയ്ക്ക് ബന്ധമുണ്ടെന്നാണു ഡൽഹി പോലീസിന്റെ കണ്ടെത്തൽ. സാധാരണ ഗുണ്ടാ നേതാക്കളിൽനിന്നും വ്യത്യസ്തയായ സോയയ്ക്ക് വലിയ രീതിയിൽ ആരാധകരുണ്ട്. വില കൂടിയ കാറുകളും വസ്ത്രങ്ങളും ഉപയോഗിച്ചും ആഡംബര പാർട്ടികളിൽ പങ്കെടുത്തുമൊക്കെ സോയ സെലിബ്രിറ്റി ഇമേജ് സൃഷ്ടിച്ചിരുന്നു.
ആദ്യഭർത്താവുമായി വേർപിരിഞ്ഞശേഷം 2017ലാണ് സോയ ഹാഷിം ബാബയെ വിവാഹം ചെയ്തത്.
ഭർത്താവിനെ പതിവായി ജയിലിൽ സന്ദർശിച്ച് ക്രിമിനിൽ പ്രവർത്തനത്തിന്റെ കാര്യങ്ങളും ടാർജറ്റുകളും സോയ നിശ്ചയിച്ചിരുന്നതായി പോലീസ് പറഞ്ഞു. സോയയുടെ കുടുംബ പശ്ചാത്തലവും കുറ്റകൃത്യവുമായി ബന്ധമുള്ളതാണ്.
അവരുടെ അമ്മ കഴിഞ്ഞ വർഷം സെക്സ് റാക്കറ്റ് കേസിൽ അറസ്റ്റിലായി ജയിലിൽ കഴിഞ്ഞിരുന്നു. ഇപ്പോൾ ജാമ്യത്തിലാണ്. സോയയുടെ പിതാവ് മയക്കുമരുന്ന് കേസിൽ അറസ്റ്റിലായിട്ടുണ്ട്.
പ്രദേശത്തെ സ്വാധീനം കാരണം സോയയെ ബാബയുടെ സംഘത്തിലെ അഞ്ചോളം സായുധസംഘം അനുഗമിച്ചിരുന്നു. ചെനു, ഹാഷിം ബാബ, നാസിർ പെഹൽവാൻ എന്നിവർ നേതൃത്വം നൽകുന്ന ഗുണ്ടാസംഘങ്ങളുടെ വിഹാരകേന്ദ്രമാണ് വടക്കുകിഴക്കൻ ഡൽഹി.