ഹോട്ട്ലൈൻ സ്ഥാപിക്കാൻ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിസേനകൾ
Saturday, February 22, 2025 2:23 AM IST
ന്യൂഡൽഹി: ഡെപ്യൂട്ടി കമാൻഡർമാരുടെ തലത്തിൽ പുതിയ ഹോട്ട്ലൈൻ സ്ഥാപിക്കാൻ ഇന്ത്യയുടെയും ബംഗ്ലാദേശിന്റെയും അതിർത്തിരക്ഷാ സേനകൾ തീരുമാനിച്ചു. അതിർത്തിയിൽ വേലി സ്ഥാപിക്കാൻ 99 പുതിയ മേഖലകളും ഇരു സേനകളും തമ്മിൽ നടത്തിയ ചർച്ചയിൽ തീരുമാനമായി.
ഇന്ത്യയുടെ അതിർത്തി സംരക്ഷണ സേനയും (ബിഎസ്എഫ്)ബംഗ്ലാദേശിന്റെ അതിർത്തി സുരക്ഷാവിഭാഗമായ ബോർഡർ ഗാർഡ് ബംഗ്ലാദേശും തമ്മിൽ ഡൽഹിയിൽ നടന്ന അർധവാർഷിക ചർച്ചയിലാണു തീരുമാനം.
ബംഗ്ലാദേശിൽ ഷേക്ക് ഹസീനയുടെ നേതൃത്വത്തിലുള്ള സർക്കാർ കഴിഞ്ഞവർഷം ഓഗസ്റ്റ് ആദ്യം നിലംപതിച്ചശേഷം നടക്കുന്ന ആദ്യത്തെ ഉന്നതതല ചർച്ചയാണിത്.
ബിഎസ്എഫ് ഡയറക്ടർ ജനറൽ ദൽജിത് സിംഗ് ചൗധരിയുടെ നേതൃത്വത്തിലുള്ള ഇന്ത്യൻ സംഘവും ബിജിബി ഡിജി മേജർ ജനറൽ മുഹമ്മദ് അഷ്റഫുസ്മാൻ സിദ്ദിഖിയുടെ നേതൃത്വത്തിലുള്ള ബംഗ്ലാദേശ് സംഘവുമാണ് ചർച്ച നടത്തിയത്.