യുഎസ്എഐഡി: ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ്
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: വോട്ടെടുപ്പിൽ ജനകീയ പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് യുഎസ്എഐഡി നൽകിവന്ന ധനസഹായം സംബന്ധിച്ച് ധവളപത്രം ഇറക്കണമെന്ന് കോൺഗ്രസ്.
കഴിഞ്ഞ ഒരു ദശാബ്ദത്തിനിടെ സർക്കാർ, സർക്കാരിതര സ്ഥാപനങ്ങൾക്ക് യുഎസ് ഏജൻസി നൽകിവന്ന സഹായം സംബന്ധിച്ച വിവരങ്ങൾ പുറത്തുവിടണമെന്നാണ് കോൺഗ്രസ് ആവശ്യപ്പെട്ടിരിക്കുന്നത്. യുഎസ്എഐഡിയുമായി ബന്ധപ്പെട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ അവകാശവാദങ്ങളെ അസംബന്ധമെന്നും കോൺഗ്രസ് വിശേഷിപ്പിച്ചു.
മറ്റൊരു സർക്കാരിനെ തെരഞ്ഞെടുക്കാനുള്ള ശ്രമായിരുന്നു യുഎസ്എഐഡി സഹായത്തിനു പിന്നിലെന്ന ട്രംപിന്റെ പരാമർശത്തിനു പിന്നാലെയാണ് കോൺഗ്രസ് ധവളപത്രമെന്ന ആവശ്യവുമായി രംഗത്തുവന്നത്.
ഇന്ത്യയിൽ വോട്ടർമാരുടെ എണ്ണം വർധിപ്പിക്കുന്നതിന് നമ്മൾ എന്തിനാണ് 21 ദശലക്ഷം ഡോളർ ചെലവഴിക്കുന്നത്? അവർ മറ്റൊരു സർക്കാരിനെ തെരഞ്ഞെടുക്കാൻ ശ്രമിക്കുകയാണെന്നാണ് താൻ കരുതുന്നതെന്നുമായിരുന്നു ട്രംപിന്റെ പരാമർശം.