ലോക്പാൽ ഉത്തരവിന് സുപ്രീംകോടതി സ്റ്റേ
Friday, February 21, 2025 3:26 AM IST
ന്യൂഡൽഹി: ഹൈക്കോടതി ജഡ്ജിമാർക്കെതിരേ പരാതികൾ സ്വീകരിക്കാമെന്ന ലോക്പാൽ ഉത്തരവ് സ്റ്റേ ചെയ്ത് സുപ്രീംകോടതി. 2013ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരം ഹൈക്കോടതി ജഡ്ജിമാർക്കെതിരേ പരാതി സ്വീകരിക്കാമെന്നായിരുന്നു കഴിഞ്ഞ ജനുവരി 27ന് ലോക്പാലിന്റെ ഉത്തരവ്.
എന്നാൽ ഈ ഉത്തരവ് അസ്വസ്ഥതയുളവാക്കുന്നതാണെന്ന് ജസ്റ്റീസുമാരായ ബി.ആർ. ഗവായ്, സൂര്യകാന്ത്, അഭയ് എസ്. ഓക എന്നിവരടങ്ങിയ ബെഞ്ച് ചൂണ്ടിക്കാട്ടി. നിയമ സംവിധാനത്തിന്റെ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയമായതിനാൽ വളരെ പ്രാധാന്യം അർഹിക്കുന്നതാണെന്നും ബെഞ്ച് വ്യക്തമാക്കി.
ലോക്പാൽ ഉത്തരവിനെതിരേ സുപ്രീംകോടതി സ്വമേധയാ കേസെടുത്തിരുന്നു. വിഷയത്തിൽ കേന്ദ്രസർക്കാരിനും ലോക്പാൽ രജിസ്ട്രിക്കും സുപ്രീംകോടതി നോട്ടീസ് അയച്ചു.
കേസ് അടുത്ത മാസം 18ന് വീണ്ടും പരിഗണിക്കും. 2013 ലെ ലോക്പാൽ, ലോകായുക്ത നിയമപ്രകാരം സ്ഥാപിതമായ നിയമാനുസൃത സ്ഥാപനമാണു ലോക്പാൽ.
പൊതുസ്ഥാപനങ്ങളിലെ ഉദ്യോഗസ്ഥനെതിരേ ഏതെങ്കിലും തരത്തിലുള്ള അഴിമതിയാരോപണങ്ങൾ ഉണ്ടെങ്കിൽ അത് അന്വേഷിക്കുന്നതിനുള്ള അധികാരം ലോക്പാലിനുണ്ട്.
സുപ്രീംകോടതി മുൻ ജഡ്ജി അജയ് മണിക്റാവു അധ്യക്ഷനായ ലോക്പാലിൽ ഏഴ് അംഗങ്ങളാണുള്ളത്.